പോർട്ട് ഒ പ്രിൻസ്- ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ വെടിയേറ്റു കൊല്ലപ്പെട്ടു. മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മോസെയുടെ ഭാര്യ മാർട്ടിൻ മോസെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു. രാഷ്ട്രത്തെ സംരക്ഷിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.
2017ൽ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഫെബ്രുവരിയിൽ മോസെ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിൽ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.