ന്യൂദല്‍ഹി- ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയില്‍ കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാകും. മലയാളിയായ രാജീവ് കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാന്‍ കൂടിയാണ്.
രണ്ട് കാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കിയും ഏതാനും സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയുമുള്ള പുന:സംഘടനയ്ക്കാണ് ഒരുക്കം നടക്കുന്നത്. പുതിയ മന്ത്രിമാര്‍ ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തവര്‍ചന്ദ് ഗഹലോത്തിനെ കര്‍ണാടക ഗവര്‍ണറാക്കിയതോടെ സാമൂഹ്യ നീതി വകുപ്പില്‍ പുതിയ മന്ത്രിവരും. തൊഴില്‍മന്ത്രി സന്തോഷ് ഗാംഗ്വറും രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്. അനുരാഗ് താക്കൂര്‍, പുരുഷോത്തം രൂപല്ല, ജി കിഷന്‍ റെഡ്ഡി എന്നിവരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയേക്കും.
രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി മന്ത്രിമാരായി പരിഗണിക്കുന്നവര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി അദ്ദേഹത്തിന്റെ വസതിയിലെത്തി.
മന്ത്രിസഭയിലേക്ക് 20ല്‍ അധികം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും കൂടുതല്‍ പ്രതിനിധ്യം ലഭിക്കുന്ന രീതിയിലായിരിക്കും പുനഃസംഘടന. ബുധനാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഷായോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനൊവാള്‍, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആര്‍.പി.സി സിംഗ്, പശുപതി പരാസ് എന്നിവരും ഉണ്ടായിരുന്നു.
ശോഭാ കരന്തലജെ, നാരായണ്‍ റാണെ, മീനാക്ഷി ലേഖി, ജ്യോതിരാദിത്യ സിന്ധ്യ, അനുപ്രിയാ പട്ടേല്‍, സോനേവാള്‍, അജയ് ഭട്ട്, സുനിത ദഗ്ഗല്‍, ഭൂപേന്ദര്‍ യാദവ്, ഹീനാ ഗാവിത്, കപില്‍ പാട്ടീല്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചന
നിര്‍മല സീതാരാമന്‍ ധനവകുപ്പില്‍ തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
യു.പിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുണ്‍ ഗാന്ധി, രാഹുല്‍ കശ്വാന്‍, സി.പി. ജോഷി എന്നിവരും ദല്‍ഹിയിലെത്തിയിട്ടുണ്ട്.
ജെ.ഡി.യു എം.പിമാരായ ആര്‍.സി.പി.സിംഗ്, ലല്ലന്‍ സിംഗ് എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. നിലവില്‍ പ്രധാനമന്ത്രി അടക്കം 54 പേരാണ് മന്ത്രിസഭയിലുള്ളത്. 81 അംഗങ്ങള്‍ വരെയാകാം മന്ത്രിസഭയില്‍.