ചണ്ഡിഗഡ്- അഞ്ച് വയസുകാരിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ഒന്നര കിലോ മുടി പുറത്തെടുത്തു. ഹരിയാനയിലെ പഞ്ച്കുളയില്‍ നിന്നാണ് വിചിത്രമായ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. കടുത്ത വയറുവേദനയെക്കുറിച്ച് ഗുര്‍ലീന്‍ എന്ന അഞ്ചു വയസ്സുകാരി കുറച്ചു നാളുകളായി അമ്മയോട് പരാതിപ്പെട്ടിരുന്നു. ഒടുവില്‍, ഞായറാഴ്ച അമ്മ മകളെ സെക്ടര്‍ 6ലെ പഞ്ച്കുല ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ വയറ്റില്‍ മുടി കണ്ടെത്തിയത്.
പഞ്ചകുല ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. വിവേക് ഭാഡാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഗുര്‍ലീന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഗുര്‍ലീനും അമ്മയും ചണ്ഡിഗഡിലെ മൗലി ജാഗ്രാനിലാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ടതിനാല്‍ മകളെ പരിപാലിക്കാന്‍ അമ്മ മാത്രമേയുള്ളൂ. മകള്‍ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ മുതല്‍ മുടി കഴിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് അമ്മ ഗുര്‍പ്രീത് പറഞ്ഞു.
'അവളുടെ കൈകളില്‍ മുടി പല തവണ കണ്ടിട്ടുണ്ട്. പക്ഷേ അവള്‍ അത് കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 1015 ദിവസമായി വയറുവേദനയെക്കുറിച്ച് മകള്‍ പരാതിപ്പെടുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്, ഗുര്‍പ്രീത് കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്നു ഒരു കിലോയോളം മുടിക്കെട്ട് നീക്കം ചെയ്തിരുന്നു. 'റപുന്‍സല്‍ സിന്‍ഡ്രോം' എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസുകാരി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലില്‍ നിന്നുള്ള മറ്റു വസ്തുക്കളും ചേര്‍ന്നു പന്തിന്റെ രൂപത്തില്‍ ആകുകയായിരുന്നു. വില്ലുപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന മുടി ശസ്ത്രക്രിയ ചെയ്ത് നീക്കിയത്.
കടുത്ത വയറു വേദനയെത്തുടര്‍ന്നാണ് എട്ടാം ക്ലാസുകാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. അപ്പോഴാണ് കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചു കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കി. ഓണ്‍ലൈന്‍ ക്ലാസുകളോടുള്ള വെറുപ്പിനെ തുടര്‍ന്നാണു പെണ്‍കുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിഹാര്‍ പട്‌നയിലെ 18കാരിയുടെ വയറ്റില്‍ നിന്ന് 750 ഗ്രാം ഭാരം വരുന്ന മുടിക്കെട്ട് കിട്ടിയിരുന്നു. നേരത്തെ മാണ്ഡ്യയില്‍ 50കാരിയുടെ വയറ്റില്‍ നിന്നും സമാനമായി മുടിക്കെട്ട് കിട്ടിയിരുന്നു.
കഴിഞ്ഞ ദിവസം കര്‍ണാടക കേരള അതിര്‍ത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയില്‍ മോഷണ മുതലായ സ്വര്‍ണാഭരണങ്ങള്‍ വിഴുങ്ങിയ പ്രതി വയറുവേദന മൂലം ആശുപത്രിയിലെത്തിയ വാര്‍ത്ത പുറത്തു വന്നിരുന്നു. മേയ് 29ന് ഷിബു എന്നയാളാണ് കടുത്ത വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍ മോഷണം മുതല്‍ വിഴുങ്ങിയ കാര്യം ഷിബു പുറത്തു പറഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സറേ എടുത്തതോടെയാണ് വയറ്റില്‍ ആഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ഞായറാഴ്ച നടത്തിയ ഓപ്പറേഷനിലൂടെ മോതിരവും കമ്മലും അടക്കം 30 സ്വര്‍ണാഭരണങ്ങളാണ് പുറത്തെടുത്തത്. 35 ഗ്രാം സ്വര്‍ണമാണ് പ്രതി വിഴുങ്ങിയിരുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു.
വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ 111 ഇരുമ്പ് ആണികള്‍ പുറത്തെടുത്ത വാര്‍ത്തയും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാവക്കാട് സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ആണികള്‍ പുറത്തെടുത്തത്. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജിലാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. മാനസിക രോഗത്തിന് ചികിത്സ തേടിയ ആളിന്റെ വയറ്റിലാണ് ആണി കണ്ടെത്തിയത്. മാസങ്ങളായി രോഗിക്ക് വേദന തുടങ്ങിയിട്ട്. പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടെങ്കിലും വേദന സംഹാരികള്‍ കുറിച്ച് നല്‍കുകയായിരുന്നു. ഇതുകഴിച്ചിട്ടും വേദന കുറയാതെ വന്നതോടെയാണ് ഗവ. മെഡിക്കല്‍ കോളജിലെത്തിയത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ രോഗിയെ സ്‌കാനിംഗിന് വിധേയമാക്കിയതോടെയാണ് ആണികള്‍ വയറ്റിലുള്ള കാര്യം കണ്ടെത്തിയത്.