കൊച്ചി- ഇടപ്പള്ളി പോണേക്കര പീലിയാട്ട് യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ യുവതിയിൽനിന്ന് കടം വാങ്ങിയ അരലക്ഷം രൂപയെ ചൊല്ലിയുള്ള തർക്കം. ഇടപ്പള്ളി നോർത്ത് സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണൻ എന്ന കൃഷ്ണകുമാറിനെയാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ പോലീസുകാരൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിലായിരുന്നു.
നെട്ടൂർ സ്വദേശി ഫൈസൽമോൻ(38), മുപ്പത്തടം സ്വദേശികളായ ഓലിപ്പറമ്പ് ഒ.എച്ച്. അൻസാൽ(25), തോപ്പിൽ വീട്ടിൽ ടി.എൻ. ഉബൈദ്, ഇടപ്പള്ളി നോർത്ത് സ്വദേശി ബ്ലായിപ്പറമ്പ് ബി.എസ്. ഫൈസൽ(40), എറണാകുളം എആർ ക്യാംപിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്കു സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) എന്നിവരാണ് അറസ്റ്റിലായത്.
പീലിയാടുള്ള പുഴക്കരയിൽ സംഘം മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പുഴക്കരയിൽനിന്നു ബഹളവും കരച്ചിലും കേട്ട പ്രദേശവാസികളാണു വിവരം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചത്. പോലീസുകാരൻ ബിജോയ്‌ക്കെതിരെ നേരത്തെ പോലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയത് ഉൾപ്പെടെ പല സംഭവങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.