തൃശൂർ- മൂന്നുഭാഷകളും സംഗമിക്കുന്ന വീട്ടിലെ കൊച്ചുമിടുക്കിക്ക് തമിഴ് പദ്യം ചൊല്ലലിൽ രണ്ടാം വർഷവും നേട്ടം. വയനാട് ബത്തേരി സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നീരജ വിനയൻ എന്ന മിടുക്കിയാണ് തമിഴിനായ് വാഴ്വും തമിഴ്ക്കായ് വാഴ്വും എന്ന പദ്യം ചൊല്ലി എ ഗ്രേഡ് സ്വന്തമാക്കിയത്. ഇളമൈ രചിച്ച ഈ പദ്യം തന്നെയാണ് ജില്ലതലത്തിലും നീരജയെ വിജയിയാക്കിയത്.
നീരജയുടെ അച്ഛൻ വിനയൻ ബത്തേരി കോ-ഓപ്പറേറ്റീവ് കോളജിലെ മലയാളം അധ്യാപകനാണ്. അമ്മ ബിന്ദു ബത്തേരി ടെക്നിക്കൽ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും. ഊട്ടി കൂനൂരിലെ സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്മ ബിന്ദു തമിഴ് പഠിച്ചിരുന്നു. അങ്ങിനെ അമ്മയാണ് നീരജയ്ക്ക് ഈ തമിഴ് പദ്യം തെരഞ്ഞെടുത്തു കൊടുത്ത് പഠിപ്പിച്ചത്. ബത്തേരിയിലെ ഒരു സ്വകാര്യ പ്രാദേശിക ചാനലിൽ ന്യൂസ് റീഡർ കൂടിയാണ് വിനയൻ.