വണ്ടിപ്പെരിയാര്‍- ചുരക്കുളം എസ്റ്റേറ്റില്‍ കൊല്ലപ്പെട്ട ആറു വയസ്സുകാരിയെ പ്രതി അര്ജുന് (22) മൂന്നു വര്‍ഷമായി ഉപദ്രവിച്ചിരുന്നതായി പോലീസ്. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നല്‍കിയായിരുന്നു ചൂഷണം. ലയത്തില്‍ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാള്‍ ഈ ബന്ധവും മുതലെടുത്തതായി പോലീസ് പറഞ്ഞു.
30ന് പകല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അര്ജുന് ലയത്തിലെ മുറിയില്‍ കയറി.
ഈ സമയം കുട്ടിയുടെ സഹോദരനുള്‍പ്പെടെ ഇയാളുടെ സുഹൃത്തുക്കള്‍ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ പെണ്‍കുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതി മുറിയിലെ കയറില്‍ കുട്ടിയെ കെട്ടിത്തൂക്കി. ഇതിനിടെ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുന്‍വശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അര്‍ജുന്റെ മൊഴിയിലുണ്ട്.
കുഞ്ഞിന്റെ ശരീരത്തില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ജൂണ്‍ 30ന് ലയത്തിലെ മുറിയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തെളിവെടുപ്പിനു ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.