ന്യൂദൽഹി- ജെ.ഇ.ഇ മെയിൻ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാറ്റിവച്ച പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. മൂന്നാം സെഷൻ പരീക്ഷ ജൂലൈ 20 മുതൽ 25 വരെയും നാലാം സെഷൻ പരീക്ഷ ജൂലൈ 27 മുതല് ഓഗസ്റ്റ് 2 വരെയും നടക്കും.
കോവിഡിനെ തുടർന്ന് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് രജിസ്റ്റർ ചെയ്യാം. മൂന്നാം സെഷൻ പരീക്ഷക്ക് ഇന്ന് അർധരാത്രി മുതൽ ജൂലൈ 8 വരെയും നാലാം സെഷൻ പരീക്ഷക്ക് ജൂലൈ 9 മുതൽ 12 വരെയും അപേക്ഷിക്കാം. അതേസമയം നീറ്റ് പരീക്ഷ നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സെപ്തംബർ അഞ്ചിലേക്ക് മാറ്റിയെന്ന് അറിയിച്ച് മറ്റൊരു നോട്ടീസ് പ്രചരിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വാർത്തയാക്കുകയും ചെയ്തു.