ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുഎപിഎ അടക്കം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് മഥുര കോടതി ജാമ്യം നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് പോവുകയായിരുന്ന സിദ്ദീഖ് കാപ്പനും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പ്രഥമൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡേ ജാമ്യം നിഷേധിച്ചത്.
ഹത്രാസില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേ ആണ് അറസ്റ്റിലായതെന്നും തനിക്കെതിരേ ചുമത്തിയ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പന്‍ ജാമ്യാപേക്ഷ നല്‍കിയത്. എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ സിദ്ദീഖ് കാപ്പന്റെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയില്‍ രേഖ പ്രവര്‍ത്തനം നിലച്ച ഒരു സ്ഥാപനത്തിന്റേതായിരുന്നു എന്ന പോലീസിന്റെ വാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ സിദ്ദീഖിന് മേല്‍ ചുമത്തിയിരുന്ന ചില കുറ്റങ്ങള്‍ കോടതി ഒഴിവാക്കിയിരുന്നു. ആറു മാസമായിട്ടും ആരോപണങ്ങളില്‍ അന്വേഷണം നടത്തി തെളിവ് ലഭ്യമാക്കാന്‍ പോലീസിന് കഴിയാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റങ്ങള്‍ ഒഴിവാക്കിയത്.