ന്യൂദല്‍ഹി- അമേരിക്കന്‍ സേനാപിന്മാറ്റം ആരംഭിച്ചതോടെ താലിബാന്‍ കടന്നാക്രമണം ശക്തിപ്രാപിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ പൗന്മാരേയും ഉദ്യോഗസ്ഥരേയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കാബൂള്‍, കാന്‍ഡഹാര്‍, മസാറെ ശരീഫ് എന്നിവിടങ്ങളിലെ എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിക്കാനാണ് പദ്ധതി. ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സുരക്ഷാ ഭീഷണി ശക്തമായതോടെ അഫ്ഗാനില്‍ എംബസികളും കോണ്‍സുലേറ്റുകളും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ത്യയ്ക്ക് അഫ്ഗാനില്‍ നാല് കോണ്‍സുലേറ്റുകളും ഒരു എംബസിയുമാണുള്ളത്. ഇവിടെ നിരവധി സൈനിക ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗ്സ്ഥരും ജോലി ചെയ്യുന്നു. അഫ്ഗാന്‍ സൈന്യത്തിനും പോലീസിനും പരിശീലനം നല്‍കുന്നതിലും ഇന്ത്യന്‍ സേന പങ്കാളികളാണ്.
താലിബാന്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. താലിബാന്‍ ആക്രമണം ഭയന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ നിന്നു പോലും അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ തന്നെ രക്ഷപ്പെട്ടോടുകയാണെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നു. പലയിടത്തും അഫ്ഗാന്റെ ഔദ്യോഗിക സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാനില്‍ ചേര്‍ന്നതായും റിപോര്‍ട്ടുണ്ട്. തിങ്കളാഴ്ച 300 അഫ്ഗാന്‍ സൈനികര്‍ ബദഖ്ശാന്‍ പ്രവിശ്യയില്‍ നിന്നും അതിര്‍ത്തി കടന്ന് താജികിസ്ഥാനില്‍ അഭയം തേടിയിരുന്നു.
അഫ്ഗാന്‍ യുദ്ധത്തില്‍ കനത്ത നഷ്ടവും പരാജയവും സമ്മതിച്ച് അമേരിക്ക സേനയെ പിന്‍വിക്കല്‍ ഏപ്രിലിലാണ് തുടങ്ങിയത്. സെപ്തബംര്‍ 11നകം പൂര്‍ത്തിയാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.