റിയാദ് - സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയ ജ്വല്ലറികളിൽ ജോലിയെടുക്കാൻ വീണ്ടും വിദേശികളെ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയിൽ ജ്വല്ലറി ഉടമകൾ. പരിശീലകൻ, സെയിൽസ് വിദഗ്ധൻ എന്നീ പേരുകളിൽ ഒരു വിദേശിയെ ജ്വല്ലറികളിൽ നിയമിക്കാൻ അനുവദിക്കുന്ന തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നാണ് ജ്വല്ലറി ഉടമകൾ പ്രതീക്ഷിക്കുന്നത്. ചില വൻകിട ജ്വല്ലറികളിലെ വിദേശി ജീവനക്കാർക്ക് ഉടമകൾ ദീർഘകാല ലീവ് അനുവദിച്ചിരിക്കുകയാണ്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇളവ് അനുവദിക്കുന്ന പക്ഷം ഇവരെ വീണ്ടും ജ്വല്ലറികളിൽ നിയമിക്കാനാണ് ഉടമകൾ ആഗ്രഹിക്കുന്നത്.
ദീർഘകാലത്തെ സർവീസുള്ള വിദേശികൾക്കാണ് ചില ജ്വല്ലറി ഉടമകൾ ലീവുകൾ അനുവദിച്ചിരിക്കുന്നതെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ദേശീയ ജ്വല്ലറി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അസ്സൂസ് പറഞ്ഞു. ചില വിദേശികൾക്ക് ജ്വല്ലറി മേഖലയിൽ നാൽപതു വർഷത്തെ സർവീസുണ്ട്. ജ്വല്ലറി സൗദിവൽക്കരണ തീരുമാനത്തിൽ ഒരുവിധ വിട്ടുവീഴ്ചക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒരുക്കമല്ലെന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രമേ ഇത്തരം ജീവനക്കാരെ ജ്വല്ലറി ഉടമകൾ കൈയൊഴിയുകയുള്ളൂവെന്നും മുഹമ്മദ് അസ്സൂസ് പറഞ്ഞു.
ചില ജ്വല്ലറി ഉടമകൾ വിദേശികൾക്കാണ് മുൻഗണന നൽകുന്നതെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ജ്വല്ലറി കമ്മിറ്റി അംഗം അബ്ദുൽഗനി അൽമുഹന്ന പറഞ്ഞു. കൂടുതൽ സമർഥരും നിപുണരുമായ വിദേശികൾ കൂടുതൽ ലാഭമുണ്ടാക്കുന്നതിന് സ്ഥാപനങ്ങളെ സഹായിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം മുതലാണ് സൗദിയിൽ ജ്വല്ലറി സൗദിവൽക്കരണം നിലവിൽവന്നത്. ഇതിനു ശേഷം വിവിധ പ്രവിശ്യകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നടത്തിയ റെയ്ഡുകളിൽ സൗദിവൽക്കരണം പാലിക്കാത്തതിന് നിരവധി ജ്വല്ലറികൾ അടപ്പിക്കുകയും ഇവിടങ്ങളിൽ ജോലി ചെയ്ത വിദേശികളെ പിടികൂടുകയും ചെയ്തിരുന്നു. സൗദിയിൽ ആറായിരത്തോളം ജ്വല്ലറികളാണുള്ളത്.