മോസ്‌കോ- 28 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം റഷ്യയുടെ കിഴക്കന്‍ മേഖലയായ കംചത്കയില്‍ ചൊവ്വാഴ്ച കാണാതായി. പെട്രോപാവ്‌ലോവ്‌സ്-കംചത്സ്‌കി നഗരത്തില്‍ നിന്നും പലാനയിലേക്ക് 22 യാത്രികരുമായി പറന്ന ആന്റനോവ് ആന്‍-26 വിമാനമാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ആറു പേര്‍ വിമാനജീവനക്കാരാണ്. പലാന പ്രാദേശിക സര്‍ക്കാര്‍ തലവനായ ഒല്‍ഗ മൊഖിറേവയും യാത്രക്കാരില്‍ ഉള്ളതായി റിപോര്‍ട്ടുകള്‍ പറയുന്നു. കംചത്ക ഏവിയേഷന്‍ എന്റര്‍പ്രൈസ് എന്ന കമ്പനിയുടേതാണ് വിമാനം. 1982 മുതല്‍ ഉപയോഗിച്ചു വരുന്ന വിമാനമാണ് കാണാതായതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന് സാങ്കേതിക തകരാറുകളുണ്ടായിരുന്നില്ലെന്ന് കമ്പനി അറിയിച്ചു.
വിമാനത്തിനായുള്ള തിരിച്ചില്‍ പുരോഗമിക്കുകയാണ്. രണ്ടു ഹെലികോപ്റ്ററുകളും ഒരു വിമാനവും ഉപയോഗിച്ചാണ് കാണാതായ വിമാനം സഞ്ചരിച്ച പാതയില്‍ പരിശോധന നടത്തി വരുന്നത്. വിമാനം ഇറങ്ങാനിരുന്നു പലാന എയര്‍പോര്‍ട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ വച്ചാണ് ബന്ധം മുറിഞ്ഞത്.
2012ല്‍ ഇതേ കമ്പനിയുടെ മറ്റൊരു ആന്റനോവ് വിമാനം ഇതേ പാതയില്‍ മലനിരകളില്‍ തകര്‍ന്നു വീണിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 14 പേരില്‍ 10 പേരും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ രക്തത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു.