Sorry, you need to enable JavaScript to visit this website.

ഹൈദരലി തങ്ങളില്ലാതെ മുസ്‌ലിം ലീഗ് യോഗം നടത്താനുള്ള  ശ്രമം തടഞ്ഞു; അവസാന നിമിഷം യോഗം മാറ്റിവെച്ചു

കോഴിക്കോട്- ഇന്ന് തുടങ്ങാനിരുന്ന മുസ്‌ലിം  ലീഗ് സംസ്ഥാന കമ്മിറ്റിയോഗം മാറ്റിവെച്ചത് ഹൈദരലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഹൈദരലി തങ്ങളുടെ അഭാവത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനായിരുന്നു ഒരു വിഭാഗത്തിന്റെ നീക്കം. ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് നീട്ടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
നാല് ദിവസം മുമ്പാണ് ഹൈദരലി തങ്ങളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനക്കെത്തിയ തങ്ങളെ ഡയബറ്റിക് പ്രശ്‌നം കണ്ടതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഹൈദരലി തങ്ങളുടെ അഭാവത്തില്‍ യോഗം നടത്താനുള്ള തീരുമാനവുമായി പി കെ കുഞ്ഞാലിക്കുട്ടിയും ചില നേതാക്കളും മുന്നോട്ടുപോയി. സ്വാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേരാനായിരുന്നു നീക്കം. യോഗം മാറ്റിവെക്കുന്നത് അപ്രായോഗികമാണെന്ന് ഈ നേതാക്കള്‍ ഹൈദരലി തങ്ങളെ അറിയിച്ചതോടെ തങ്ങളും സമ്മതം മൂളി.
പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കാനൊരുങ്ങി നില്‍ക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. സ്വാദിഖലി തങ്ങളുടെ അധ്യക്ഷതില്‍ യോഗം നടത്തി വിമര്‍ശനങ്ങളെ ഇല്ലാതാക്കുകയാണ് നീക്കമെന്ന് ഈ നേതാക്കള്‍ തിരിച്ചറിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്ത് തിരുത്തേണ്ടത് തിരുത്തണമെന്ന നിലപാടിലാണ് ഹൈദരലി തങ്ങള്‍ ഉള്ളത്.
തിരുത്തലിന് വേണ്ടിയുള്ള ശക്തമായ ഇടപെടലുകള്‍ ഹൈദരലി തങ്ങളുടെ അസാന്നിധ്യത്തില്‍ പരാജയപ്പെടുമെന്ന് ഒരു വിഭാഗം നേതാക്കള്‍ തിരിച്ചറിഞ്ഞു. അപകടം മണത്ത ഈ നേതാക്കള്‍ ഹൈദരലി തങ്ങളെ ബന്ധപ്പെട്ടതോടെയാണ് തീരുമാനം മാറിയത്. തന്റെ സാന്നിധ്യത്തില്‍ മതി യോഗമെന്ന് ഹൈദരലി തങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാവിലെ വരെ യോഗം നടക്കുമെന്ന അറിയിപ്പാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഉച്ചക്കു ശേഷമാണ് തീരുമാനം മാറിയത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാനകാരണം പാര്‍ട്ടി യോഗങ്ങള്‍ വിളിക്കാതെ ഉന്നതാധികാര സമിതി യോഗം നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നതുകൊണ്ടാണെന്നാണ് പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കളും ഉയര്‍ത്തിയ വിമര്‍ശനം. പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭയില്‍ മത്സരിച്ചതും പാര്‍ട്ടി നേതൃനിരയിലെ എല്ലാവരും മത്സരത്തിനിറങ്ങിയതുമെല്ലാം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. കഴിഞ്ഞ കാലങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്ന വലിയൊരു നിര നേതാക്കള്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനം മുന്നോട്ടുവെക്കുന്നു. ഈ വിമര്‍ശനങ്ങളെല്ലാം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കാനൊരുങ്ങിയിരിക്കുകയാണ് ഈ നേതാക്കള്‍.
അതേസമയം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നത് പരമാവധി വൈകിപ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചിരുന്നു. ഇതിനെതിര കെ എം ഷാജി ഉള്‍പ്പെടെയുള്ളവര്‍ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് യോഗം വിളിക്കാന്‍ തയ്യാറായത്. ഇതേ തുടര്‍ന്നാണ് മൂന്ന് ദിവസത്തെ യോഗം പെരിന്തല്‍മണ്ണയില്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ന് ഭാരവാഹികളുടെ യോഗവും അടുത്ത രണ്ടുദിവസം പ്രവര്‍ത്തക സമിതിയും ചേരാനായിരുന്നു തീരുമാനം.  രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഹൈദരലി തങ്ങള്‍ക്ക് ആശുപത്രി വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Latest News