കൊല്ലം- കല്ലുവാതുക്കല്‍ കരിയില കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. യുവതിയുടെ ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പടെയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ നിരിക്ഷണത്തില്‍ കഴിയുകയാണ് രേഷ്മയിപ്പോള്‍. രോഗമുക്തയായ ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. രേഷ്മയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം നാളെ കോടതിയെ സമിപിക്കും.
കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ഊഴായിക്കോട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ രേഷ്മയെ എത്തിച്ച് തെളിവെടുക്കും. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്തത് ഗ്രീഷ്മയയും ആര്യയുമാണെന്ന് വെളിപ്പെടുത്തിയ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.