ന്യൂദല്‍ഹി- മന്ത്രിസഭാ പുനസ്സംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകിട്ട് പാര്‍ട്ടിയിലെ ഉന്നത നേതാക്കന്മാരുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിസഭയിലെ തന്നെ മുതിര്‍ന്ന മന്ത്രിമാരും ബി.ജെ.പി അധ്യക്ഷന്‍ ജെ പി നഡ്ഡയും പങ്കെടുക്കും. അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രഹ്‌ളാദ് ജോഷി, പീയുഷ് ഗോയല്‍, നരേന്ദ്ര സിംഗ് ടോമര്‍ എന്നിവരും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് ഉന്നത നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയത്. നിലവില്‍ 53 അംഗങ്ങളുള്ള മന്ത്രിസഭയില്‍ 81 പേരെ വരെ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും. സര്‍ബാനന്ദ സോണോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ മോഡി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്താന്‍ സാധ്യത ഉണ്ട്.
തിങ്കളാഴ്ച അമിത് ഷാ, ബി ജെ പി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി ദീര്‍ഘമായ ഒരു യോഗം മോഡി നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തെകുറിച്ചുള്ള ഏകദേശ ധാരണ ഈ യോഗത്തില്‍ എടുത്തിട്ടുണ്ട്്.