ബെര്‍ലിന്‍- ഇന്ത്യ ഉള്‍പ്പെടെ കൊറോണ വൈറസ് ഡെല്‍റ്റ വകഭേദം വ്യാപിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ജര്‍മനി നീക്കി. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ ബുധനാഴ്ച മുതല്‍ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ജര്‍മന്‍ ആരോഗ്യ ഏജന്‍സിയായ റോബര്‍ട്ട് കോച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഡ് ടെസ്റ്റും ക്വാറന്റീന്‍ ചട്ടങ്ങളും പാലിച്ച് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ജര്‍മനിയിലേക്ക് പ്രവേശിക്കാം.
പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയാനായി വൈറസ് വകഭേദങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മനി വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതേര്‍പ്പെടുത്തിയിട്ടും ജര്‍മനിയില്‍ ഡെല്‍റ്റ വകഭേദം കഴിഞ്ഞ ഒരാഴ്ചയായി അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യാത്രാ വിലക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു.