ന്യൂദല്‍ഹി- കള്ളക്കേസില്‍ കുരുക്കിലായി തടവില്‍ കഴിയവെ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളി കത്തോലിക്ക പുരോഹിതനുമായിരുന്ന സ്റ്റാന്‍ സ്വാമിയുടെ മരണം ഞെ്ട്ടിപ്പിക്കുന്നതാണെന്ന് ഐക്യ രാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശ പ്രതിനിധികള്‍. 'ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് ഇന്ത്യയില്‍ നിന്ന് കേള്‍ക്കുന്നത്. മനുഷ്യാവകാശ സംരക്ഷകനും ജസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ചിരിക്കുന്നു. വ്യാജ ഭീകരക്കുറ്റം ചുമത്തി ഒമ്പതു മാസമായി തടവിലായിരുന്നു അദ്ദേഹം. മനുഷ്യാവകാശ സംരക്ഷകരെ ജയിലിലടക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്,' യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്‌പെഷ്യല്‍ റാപോര്‍ചര്‍ മോരി ലാലോര്‍ പറഞ്ഞു. തന്റെ സേവന പ്രവര്‍ത്തനങ്ങളെ സ്റ്റാന്‍ സ്വാമി വിശദീകരിക്കുന്ന ഒരു വിഡിയോയുടെ യുട്യൂബ് ലിങ്കും ഇവര്‍ ട്വീറ്റ് ചെയ്തു.
മേരി ലാലോറിന്റെ ട്വീറ്റ് പങ്കുവച്ച് സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ സ്‌പെഷ്യല്‍ റെപ്രസന്റേറ്റീവ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഈമന്‍ ഗില്‍മോറെയും രംഗത്തെത്തി. തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ പലതവണ നിലപാടെടുത്തിരുന്നുവെന്നും ഗില്‍മോറെ പറഞ്ഞു.
സ്റ്റാന്‍ സ്വാമി അടക്കമുള്ളവരുടെ സ്ഥിതി സംബന്ധിച്ച് ജനുവരിയില്‍ യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആരുടേയും പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഭീമ കൊറെഗാവ് കേസ് യുഎന്‍ പരാമര്‍ശിക്കുകയും പ്രായമായവരേയും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.