Sorry, you need to enable JavaScript to visit this website.

മരിക്കും, പക്ഷെ പിന്‍വാങ്ങില്ല; ജയില്‍ മോചിതനായ ലാലു വരവറിയിച്ച് വീണ്ടും പൊതുവേദിയില്‍

ന്യൂദല്‍ഹി- കാലിത്തീറ്റ കുംഭകോണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലായിരുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മോചിതനായ ശേഷം ആദ്യമായി പൊതുവേദിയില്‍. താന്‍ സ്ഥാപിച്ച പാര്‍ട്ടിയായ രാഷ്ട്രീയ ജനതാ ദളിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലാലു പാര്‍ട്ടി അണികള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസംഗിച്ചത്. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനും ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനുമെതിരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന സൂചനയും 72കാരനായ ലാലു നല്‍കി. മരണപ്പെട്ടേക്കും, പക്ഷെ ഒരിക്കലും പിന്‍വാങ്ങുകയില്ലെന്ന് ലാലു പറഞ്ഞു. തന്റെ അഭാവത്തില്‍ പാര്‍ട്ടിയെ വിജയകരമായി നയിച്ച മകനും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വിയേയും ലാലു വാഴ്ത്തി. തേജസ്വിയില്‍ നിന്ന് താന്‍ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയകരമായി നയിച്ചെന്നും ആര്‍ജെഡിക്ക് മികച്ച ഭാവിയുണ്ടെന്നും ലാലു പറഞ്ഞു. ലാലു ഇല്ലാത്ത ആര്‍ജെഡിയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു കഴിഞ്ഞ തവണത്തേത്. 

മോചിതനായ ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ലാലു മോഡി സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ചു. 'ജിഎസ്ടിയും നോട്ടു നിരോധനവും ഇപ്പോള്‍ കൊറോണയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള്‍ സാമൂഹിക കെട്ടുറപ്പ് തകര്‍ക്കുമെന്ന ഭീഷണികൂടി ഉണ്ട്. അയോധ്യയ്ക്കു ശേഷം ചിലര്‍ ഇപ്പോള്‍ മഥുരയെ കുറിച്ചും പറയാന്‍ തുടങ്ങിയിരിക്കുന്നു,' ലാലു പറഞ്ഞു. അഞ്ചു പ്രധാനമന്ത്രിമാരെ നിയമിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താനും പാര്‍ട്ടിയും ഇപ്പോഴും കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 2017 മുതല്‍ തടവിലായിരുന്നു ലാലു. ജയില്‍ കാലാവധിയില്‍ ഏറെ നാളും ലാലു കഴിഞ്ഞത് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പിന്നീട് ജനുവരിയില്‍ ചികിത്സ ദല്‍ഹിയിലേക്കു മാറ്റി. ജയില്‍ മോചിതനായ ലാലു ഇപ്പോള്‍ ദല്‍ഹിയില്‍ മകള്‍ മിസ ഭാരതിയുടെ വീട്ടില്‍ തുടര്‍ ചികിത്സയിലും വിശ്രമത്തിലുമാണ്.
 

Latest News