കൊച്ചി- തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ജാമ്യം നിഷേധിച്ച എന്‍.ഐ.എ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയത്. തനിക്കെതിരെ ആരോപിക്കുന്ന യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവരുടെ ബെഞ്ച് ചൊവ്വാഴ്ച ഹരജി പരിഗണിക്കും.
2020 ജൂലൈ അഞ്ചിനായിരുന്നു നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ സരിത്ത് ആദ്യം അറസ്റ്റിലായി. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2020 ജൂലൈ 12 നു സ്വപ്നയെയും അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഒരു വര്‍ഷമായി താന്‍ ജയിലിലാണെന്ന വിവരം കൂടി ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഇപ്പോള്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.