കൊല്‍ക്കത്ത- കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെ മകനും മുന്‍ കോണ്‍ഗ്രസ് എംപിയുമായ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി, സുദീപ് ബന്ദോപാധ്യയ എന്നിവരുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് അഭിജിത് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഒരു കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു കോണ്‍ഗ്രസിലെത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അവസരം നല്‍കിയതില്‍ മമത ബാനര്‍ജിക്കും അഭിഷേക് ബാനര്‍ജിക്കും നന്ദിയും അറിയിച്ചു. 2021ലെ ഇടതു പക്ഷവുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യം മോശം തീരുമാനമായിരുന്നെന്നും പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലില്‍ താന്‍ അച്ചടക്കമുള്ള സേനാംഗം ആയിരിക്കുമെന്നും ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അഭിജിത് പറഞ്ഞു. ബിജെപിക്കെതിരെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവായി മമത ബാനര്‍ജി ഉയര്‍ന്നു വന്നിരിക്കുന്നു എന്നകാര്യം വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി മാന്യനാണ്, അദ്ദേഹത്തിന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു കോണ്‍ഗ്രസിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിന്റെ കാഴ്ച്ചപ്പാടുകളും പദ്ധതികളും ശരിയായ രീതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നില്ല. ബംഗാളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സ്വീകാര്യമല്ല- അദ്ദേഹം പറഞ്ഞു.