ന്യൂദല്‍ഹി- തനിക്കെതിരെ കോണ്‍ഗ്രസ് വാദിയെന്ന മുദ്ര പതിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിനുള്ളില്‍ കോണ്‍ഗ്രസ് അനുകൂലികളോ ബിജെപി അനുകൂലികളോ ഇല്ല. മറിച്ച് ജനപക്ഷത്തു നില്‍ക്കുന്നവര്‍ മാത്രമാണുള്ളതെന്ന് യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. അക്കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കും. ജനാധിപത്യപരമായ രീതിയില്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് എടുക്കുന്നത്. ആ നിലയ്ക്ക് ഈ വിഷയത്തില്‍ വ്യക്തിപരമായി അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രസിഡന്റായ ശേഷം കോണ്‍ഗ്രസിനുള്ളില്‍ പുതിയ നയരൂപീകരണം നടന്നു വരുന്നതേയുള്ളൂ. അതിന്റെ യാഥാര്‍ഥ്യങ്ങളും വിവിധ വശങ്ങളും അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വന്നതിന്റെ ഒപ്പം തന്നെ സംഘടനാ തലത്തില്‍ അഴിച്ചു പണികളും നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്വഭാവം പരമ്പാരാഗതമായി അധികാരം മുന്‍നിര്‍ത്തിയുള്ള പാര്‍ട്ടിയാണെന്നതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള കോണ്‍ഗ്രസിന്റെ നയരൂപീകരണം എന്താണെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.
സിപിഎമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ട്. ബദല്‍ രാഷ്ട്രീയം അടിസ്ഥാനപ്പെടുത്തി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തികവും സാമൂഹികവുമായ നയങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം. ഈ സാഹചര്യത്തില്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ കൂട്ടുകെട്ടുകള്‍ വളര്‍ന്നു വരണം.
ദല്‍ഹിയില്‍ നടന്ന ജിഗ്നേഷ് മേവാനിയുടെ റാലിയില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്ന ബിജെപിയോടുള്ള രോഷമാണു പ്രകടമാകുന്നത്. ദളിത് പ്രക്ഷോഭങ്ങളുടെ അടിസ്ഥാനവും ബിജെപി നയങ്ങളോടുള്ള രോഷം തന്നെയാണ്. എല്ലാവരെയും കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള രാഷ്ട്രീയമാണു രാജ്യത്തെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നത്. തലമുറ മാറ്റങ്ങള്‍ക്കൊപ്പം തന്നെ ബദല്‍ നയങ്ങളുടെ പുതിയ ചട്ടക്കൂടും ഉണ്ടാകുമെന്ന് യെച്ചൂരി പറഞ്ഞു.