പാലക്കാട് - ഫോൺവിളി വിവാദത്തിൽ മുകേഷ് എം.എൽ.എ കേരളീയ സമൂഹത്തോട് മാപ്പ് പറയണം എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. വിവാദമുണ്ടാക്കിയത് രാഷ്ട്രീയ എതിരാളികളാണ് എന്ന എം.എൽ.യുടെ ആരോപണം അദ്ദേഹം ഇരിക്കുന്ന പദവിക്ക് ചേർന്നതല്ല എന്ന് അദ്ദേഹം പറഞ്ഞു. ഫോൺ വിളിച്ചതിന് മുകേഷിന്റെ ചീത്ത കേട്ട കുട്ടിയുടെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.പി. നീതിന്യായ വ്യവസ്ഥയെ മറികടന്ന് ഇത്തരം കേസുകളിൽ സ്വന്തം നിലക്ക് നിയമം നടപ്പിലാക്കുന്ന സി.പി.എമ്മിന്റെ രീതി കേരളീയ സമൂഹം വിലയിരുത്തണമെന്ന് ശ്രീകണ്ഠൻ പറഞ്ഞു.
സഹായം തേടി ഫോണിൽ ബന്ധപ്പെട്ട ഒരു കുട്ടിയോട് എം.എൽ.എ എങ്ങനെയാണ് പെരുമാറിയത് എന്ന് കണ്ടു. അതിനു പിന്നിൽ കോൺഗ്രസ് നേതാക്കളാണ് എന്ന ആരോപണം ഉയർത്തിയ മുകേഷ് പരിഹാസ്യനായി. കുട്ടിയെ ചീത്ത പറഞ്ഞതിനും അതിനു ശേഷം പറഞ്ഞ നുണകൾക്കും കൊല്ലം എം.എൽ.എ കേരളീയ സമൂഹത്തോട് മാപ്പു പറയണം. ഒരു ജനപ്രതിനിധി ഇങ്ങനെയാണോ ആളുകളോട് പെരുമാറേണ്ടത് എന്ന കാര്യത്തിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും നിലപാട് വ്യക്തമാക്കട്ടെ. സി.പി.എം നേതാക്കൾ കുട്ടിയേയും അച്ഛനേയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി ക്ലാസെടുത്ത് പരാതി വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. നീതിന്യായ വ്യവസ്ഥക്ക് പുറത്ത് സി.പി.എം ഇത്തരത്തിൽ സ്വന്തം നിലക്ക് നിയമം നടപ്പിലാക്കുന്നത് എല്ലാവരും കാണുന്നുണ്ട്. അത് വിലയിരുത്താൻ മലയാളികൾ തയാറാകണം -ശ്രീകണ്ഠൻ പറഞ്ഞു.