ഫോണ്‍ ഹാക്ക് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നു, വനിതാ നേതാവിനെതിരെ കേസ്

പയ്യന്നൂര്‍ - അഭിഭാഷകന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ഭീഷണി മുഴക്കിയെന്ന പരാതിയില്‍ യുവമോര്‍ച്ച മുന്‍ നേതാവ് ലസിത പാലക്കലിനെതിരെ കേസ്. പയ്യന്നൂരിലെ അഭിഭാഷകന്‍ ഫിന്റോ ഫെഡറിക്കിന്റെ പരാതിയിലാണ് കേസെടുത്തത്.
ലസിതയും സുഹൃത്തായ പാടിച്ചാല്‍ സ്വദേശിയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുന്നുവെന്നും, ഫോണ്‍ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിയെന്നും അഭിഭാഷകന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
ശിവദാസന്‍ കാരായി എന്നയാളെയാണ് ലസിത ആദ്യം വിവാഹം ചെയ്തത്.പിന്നീട് ലസിത മുരുകന്‍ എന്നയാളെ വിവാഹം ചെയ്തു. ഗള്‍ഫിലായിരുന്ന ശിവദാസന്‍ നാട്ടിലെത്തി ഈ അഭിഭാഷകന്‍ മുഖേനയാണ് ലസിതക്കെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഇതിന് ശേഷം അഭിഭാഷകന് പല കോണുകളില്‍ നിന്നും ഭീഷണി ലഭിച്ചു.  സുഹൃത്തിന് പുറമെ ലസിതയും ഭീഷണി ആവര്‍ത്തിച്ചു. അഭിഭാഷകന്‍ ചിലരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും ഫോണ്‍ ഹാക്ക് ചെയ്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നുമാണ് ഭീഷണി. മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ടെക്‌നീഷ്യന്മാരുടെ സഹായത്തോടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലേക്ക് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചയാളാണ് പരാതിക്കാരനായ അഭിഭാഷകന്‍.

 

Latest News