മുംബൈ- നിയമസഭയില്‍ ബഹളമുണ്ടാക്കുകയും സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത പന്ത്രണ്ട് ബി.ജെ.പി. എം.എല്‍.എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മോശം പരാമര്‍ശങ്ങള്‍ നടത്തുകയും സഭയില്‍ ബഹളം ഉണ്ടാക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടിയെന്ന് സ്പീക്കര്‍ പറഞ്ഞു.
രണ്ട് ദിവസത്തേക്കുള്ള സഭാസമ്മേളനം ഇന്നാണ് ആരംഭിച്ചത്. മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷ വിജയിച്ച യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ജോലിക്കുള്ള അഭിമുഖം വൈകുന്നതില്‍ മനംനൊന്താണ് മരണമെന്നായിരുന്നു ആരോപണം. ഈ വിഷയം സഭയില്‍ ഉന്നയിച്ചതാണ് പ്രശ്നങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും തുടക്കം കുറിച്ചത്. വിഷത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ദേവേന്ദ്ര ഫട്നാവിസും സഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതേസമയം, ബി.ജെ.പി. എം.എല്‍.എമാര്‍ക്കെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. ബി.ജെ.പിയില്‍നിന്ന് ആരും പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.