ഇസ്‌ലാമാബാദ്- മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും ജമാഅത്തുദ്ദഅവ മേധാവിയുമായ ഹാഫിസ് സഈദിന്റെ ലാഹോറിലെ വീടിനു സമീപം ജൂണ്‍ 23നുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ഈ സംഭവം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനമായിരുന്നുവെന്നും സൂത്രധാരന്‍ ഇന്ത്യന്‍ പൗരനും ഇന്ത്യയുടെ ചാരസംഘടനയായ റോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണെന്നും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫ് ആരോപിച്ചു. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് പാക്കിസ്ഥാനെതിരെ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമാണെന്നും ആസൂത്രണം നടത്തുകയും ഫണ്ട് നല്‍കുകയും ചെയ്തത് ഇന്ത്യയാണെന്നും പ്രധാനമന്ത്രി ഇംറാന്‍ ഖാനും ട്വീറ്റ് ചെയ്തു. ഇതിനെതിരെ ആഗോള സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചാബ് പ്രവിശ്യാ പോലീസ് മേധാവി ഇനാം ഗനി, പാക്കിസ്ഥാന്‍ വാര്‍ത്താകാര്യ മന്ത്രി ഫവാദ് ചൗധരി എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യക്കെതിരായ ആരോപണം ഉന്നയിച്ചത്.