ഗാസിയാബാദ്- മുസ്‌ലിംകള്‍ ഭയത്തില്‍ കുരുങ്ങിപ്പോകരുതെന്നും ഇന്ത്യയില്‍ ഇസ്‌ലാം അപകടത്തിലാണെന്ന ആശങ്ക വേണ്ടെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) മേധാവി മോഹന്‍ ഭാഗവത്. ആളുകളെ ആരാധാനയുടെ പേരില്‍ വേര്‍ത്തിരിച്ചു കാണാനാവില്ല. മതം ഏതുതന്നെ ആയാലും എല്ലാ ഇന്ത്യക്കാരുടേയും ജനിതകം ഒന്നു തന്നെയാണെന്നും ആദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ മുസ്‌ലിം സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച 'ഹിന്ദുസ്ഥാനി ഫസ്റ്റ്, ഹിന്ദുസ്ഥാന്‍ ഫസ്റ്റ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പലര്‍ക്കുമെതിരെ വ്യാജ ആള്‍ക്കൂട്ടക്കൊല കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഐക്യമില്ലാതെ വികസനം സാധ്യമല്ലെന്നും ഈ ഐക്യത്തിന്റെ അടിത്തറ ദേശീയതയും പൂര്‍വ്വികരുടെ മഹത്വവും ആണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഒരേ ഒരു മാര്‍ഗം ചര്‍ച്ചകളാണ് കലഹമല്ല. നാം ഒരു ജനാധിപത്യ രാജ്യത്താണ്. ഇവിടെ ഹിന്ദുക്കളുടെയോ മുസ്‌ലിംകളുടെയോ ആധിപത്യത്തമല്ല വേണ്ടത്. ഇന്ത്യക്കാരുടെ ആധിപത്യം മാത്രമാണ്- ഭാഗവത് പറഞ്ഞു. താന്‍ ഈ പരിപാടിയില്‍ പ്രസംഗിക്കുന്നത് പ്രതിച്ഛായ മെച്ചപ്പെടുത്താനോ വോട്ട് ബാങ്ക് രാഷ്ട്രീയം ലാക്കാക്കിയോ അല്ലെന്നും സംഘിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.