Sorry, you need to enable JavaScript to visit this website.

മുസ്‌ലിംകളെ ഇഷ്ടമാണെന്ന് പറഞ്ഞ പെൺകുട്ടി  ഹിന്ദുത്വവാദികളുടെ മാനസിക പീഡനം മൂലം ജീവനൊടുക്കി

മംഗളൂരു- ഹിന്ദു-മുസ്ലിം സാമുദായിക സൗഹാർദത്തെ പിന്തുണയ്ക്കുകയും അതിനായി വാദിക്കുകയും ചെയ്ത 20കാരിയായ വിദ്യാർത്ഥിനി തീവ്രഹിന്ദുത്വവാദികളുടെ നിരന്തര മാനസിക പീഡനം കാരണം ജീവനൊടുക്കി. കർണാടകയിലെ ചിക് മംഗളൂരുവിലാണ് സംഭവം. ബജ്‌റംഗ്ദൾ, ഭാരതീയ ജനതാ യുവ മോർച്ച, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പ്രവർത്തകരാണ് ധന്യശ്രീ എന്ന ബി കോം വിദ്യാർത്ഥിനിയെ മുസ്ലിംകളെ ഇഷ്ടമാണെന്നു പറഞ്ഞതിന് നിരന്തര മാനസിക പീഡനത്തിനിരയാക്കിയത്. തുടർന്ന് ജനുവരി ആറിനാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവ മോർച്ചാ നേതാവ് അനിൽ രാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പോലീസ് നിരീക്ഷണത്തിലാണ്.

തനിക്ക് മുസ്‌ലിിംകളെ ഇഷ്ടമാണെന്ന് ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ പറഞ്ഞതിനാണ് ധന്യശ്രീയെ ഇവർ ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തത്. ഈ വാട്‌സാപ്പ് സന്ദേശത്തെ തുടർന്ന് മംഗളൂരുവിൽ നിന്ന് സന്തോഷ് എന്ന ബജ്രംഗ്ദൾ പ്രവർത്തകൻ നിരന്തരം ഫോണിലൂടെ ധന്യശ്രീയെ ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ സരസ്വതി സുവർണ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജനുവരി നാലിനാണ് ആദ്യ വിളി വന്നത്. സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളിൽ ധന്യശ്രീ തലമറച്ചതിനും സന്തോഷ് ചീത്തവിളിച്ചു. 

മകളെ നിലയ്ക്കു നിർത്തണമെന്ന് അമ്മ സരസ്വതിയെ വിളിച്ചും ഇയാൾ ഭീഷണിപ്പെടുത്തി. ധന്യശ്രീയുടെ 'അശ്ലീല ചിത്രങ്ങൾ' സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മയുടെ പരാതിയിൽ പറയുന്നു. ഇയാൾ ധന്യശ്രീയെ നിരന്തരം ഫോൺ വിളിച്ചതിനു പുറമെ ഒരു സംഘം ആളുകൾ ബജ്രംഗ്ദൾ പ്രവർത്തകരെന്ന് പറഞ്ഞ് വീട്ടിൽ വരികയും മകളെ അപകീർത്തിപ്പെടുത്തുമെന്ന ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.

ജനുവരി ആറിന് വീട്ടിൽ ഒറ്റയ്ക്കായ സമയത്താണ് ധന്യശ്രീ ആത്മ്രഹത്യ ചെയ്തത്. ഹിന്ദുത്വ പ്രവർത്തകരുടെ മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ ധന്യ എഴുതിയതായും പോലീസ് കണ്ടെത്തി. ഒരു മുസ്‌ലിം യുവാവുമായി താൻ അടുപ്പത്തിലാണെന്ന് ഇവർ വ്യാജ പ്രചാരണം നടത്തി. ഇത് കുടുംബത്തിനു മാനഹാനിയുണ്ടാക്കിയതായും ആത്മഹത്യാ കുറിപ്പിൽ പെൺകുട്ടി പറയുന്നു.
 

Latest News