അമൃത്‌സർ- കാനഡയിലെ ഒന്റാറിയോയിൽ 14 ഗുരുദ്വാരകളിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന ഗുരുദ്വാര നടത്തിപ്പുകാരുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇതേ നീക്കവുമായി കാനഡയിലും യു.എസിലും കൂടുതൽ ഗുരുദ്വാരകൾ രംഗത്തെത്തി. ഇന്ത്യൻ ഉദ്യോഗസ്ഥരേയും ആർ.എസ്.എസുകാരേയും ശിവസേനക്കാരേയും വിലക്കുമെന്ന് കാനഡയിലെ 16ഉം യുഎസിൽ 96 ഉം ഗുരുദ്വാര കമ്മിറ്റികളുടെ കൂട്ടായ്മ പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ ഗുരുദ്വാര സിഖ് കൾച്ചറൽ സൊസൈറ്റിയാണ് പ്രഖ്യാപനം നടത്തിയത്. മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധക്കേസിൽ തൂക്കിലേറ്റപ്പെട്ട സത്വന്ത് സിംഗിന്റേയും കെഹർ സിംഗിന്റെയും ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ യു.എസിലെ 116 ഗുരുദ്വാര കമ്മിറ്റികളുടെ പ്രതിനിധികൾ ടെലി കോൺഫറൻസിലൂടെ ചർച്ച നടത്തിയതായും 96 കമ്മിറ്റികൾ ഇത് അംഗീകരിച്ചെന്നും സിഖ് കോഓർഡിനേറ്റർ ഈസ്റ്റ് കോസ്റ്റ് ആന്റ് അമേരിക്ക ഗുരുദ്വാര പ്രഭന്തക് കമ്മിറ്റി പ്രതിനിധി ഹിമ്മത്ത് സിങ് പറഞ്ഞു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട പ്രവിശ്യകളിലെ 16 ഗുരുദ്വാരകളും ഈ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർ, ആർ.എസ്.എസ്്, ശിവ സേന എന്നീ സംഘടനകളിലെ അംഗങ്ങൾ എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് കാനഡയിലെ ഗുരുദ്വാര ദാസ്‌മെ കൾചറൽ സെന്റർ അറിയിച്ചു.
ഈ വിലക്ക് അനൗദ്യോഗികമാണ്. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സിഖ് സമുദായത്തിനു നേരെ വംശഹത്യ നടത്തുകയും നാലു പതിറ്റാണ്ടു കാലമായി സിഖ് സമൂഹത്തിന്റെ ആവശ്യങ്ങളെ സദുദ്ദേശ്യത്തോടെ കാണുകയും ചെയ്യാത്ത ഭരണകൂടത്തിന്റെ പ്രതിനിധികളിൽ നിന്നും ഗുരുദ്വാരകളെ സ്വതന്ത്രമാക്കാനാണിതെന്നും സിഖ് സംഘടനകൾ പറയുന്നു.