Sorry, you need to enable JavaScript to visit this website.

ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിച്ച് ജയിക്കും, പ്രിയങ്ക നേടും- പി.സി.സി അധ്യക്ഷന്‍

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍  സുപ്രധാന സഖ്യങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും  വ്യക്തമാക്കിയതിന്  പിന്നാലെ 2022-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു അവകാശപ്പെട്ടു. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടത് കണക്കിലെടുക്കാതെയാണ് അവകാശവാദം.

സംസ്ഥാനത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാകുമെന്നും പ്രിയങ്ക എന്നാവും അതിന്റെ പേരെന്നും ലല്ലു മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്കയുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വന്‍ തിരിച്ചുവരവ് നടത്തും. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകുമോ എന്ന കാര്യം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കും. ജനങ്ങളുമായാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ പോകുന്നത്. അവരുടെ അനുഗ്രഹം തിരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്നകാര്യം ഉറപ്പാണ്. മറ്റെല്ലാ പാര്‍ട്ടികള്‍ക്കും സംസ്ഥാനത്തെ ജനങ്ങള്‍ അവസരം നല്‍കി. എന്നാല്‍, ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.

ഇനി കോണ്‍ഗ്രസിന്റെ ഊഴമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഒരു ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസുകള്‍ നേരിടുകയാണ്. തന്നെ 80 തവണയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 40 മുതല്‍ 50 വരെ കേസുകള്‍ തനിക്കെതിരെ എടുത്തു. പല തവണ ജയിലില്‍ പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന അവകാശവാദവുമായി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയിട്ടുള്ളത്.

 

Latest News