Sorry, you need to enable JavaScript to visit this website.

പ്രണയത്തിന്റെ അനശ്വരമുദ്ര

  • ബഷീറിന്റെ ഓർമദിനം നാളെ 

വൈക്കം മുഹമ്മദ്ബഷീറിന്റെ പ്രഥമവും പ്രധാന കൃതികളിലൊന്നുമായ ബാല്യകാലസഖി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞും ജനഹൃദയങ്ങളിൽ കുടികൊള്ളുന്നുവെന്നതും ഏറെ വായിക്കപ്പെടുന്നുവെന്നതുമാണ് അതിന്റെ സവിശേഷതയും എടുത്തു പറയേണ്ട മേൻമയും. ഒരർത്ഥത്തിൽ, 1944ൽ ഇറങ്ങിയ ബാല്യകാല സഖി തന്നെയാണ്  അന്നും ഇന്നും എന്നും വായിക്കപ്പെട്ട / വായിക്കപ്പെടുന്ന ജനപ്രിയ നോവലെന്ന് സംശയലേശമന്യേ തീർത്തു പറയാം.


അറേബ്യൻ സാഹിത്യത്തിലെ അനശ്വര പ്രണയ കഥാപാത്രങ്ങളായ ലൈല മജ്‌നുവിനെ പോലെ ഏകദേശം എട്ട് പതിറ്റാണ്ട് മുമ്പെഴുതിയ ബഷീറിന്റെ സുഹ്‌റയും മജീദും ജനഹൃദയങ്ങളിൽ ഇന്നും നിറ യൗവനത്തോടെ ജീവിക്കുന്നു.. നിഷ്‌കളങ്കമായ പ്രണയത്തിന്റെ ഉദാത്തമായ പ്രതീകങ്ങളാണവർ. നാട്ടു വരമ്പിലൂടെയുള്ള സുഹ്‌റയുടെയും മജീദിന്റെയും  പ്രണയ മുഹൂർത്തങ്ങൾ നിത്യ ഹരിത വിസ്മയമാണ്. കാമാതുരവും മാംസ നിബിഡവുമല്ലാത്ത,  കള്ളവും പൊള്ളുമില്ലാത്ത നിഷ്‌കളങ്ക ബാല്യത്തിന്റെ പ്രതീകങ്ങളായ ആ പ്രണയ ജോടികൾക്ക് സമാനതകളില്ല. 
'ഉന്നതമായ ഭാവനയും വ്യത്യസ്തമായ ലോകാനുഭവവും സൂക്ഷ്മമായ മനുഷ്യഹൃദയജ്ഞാനവും ഇക്കഥയിൽ സമന്വയിക്കുന്നു. ചന്തുമേനോന്റെ 'ശാരദ'ക്ക് ശേഷം ഇത്രയും ഹൃദയവർജകവും ഗുണ സമ്പുഷ്ടവുമായ ഒരു കഥാഗ്രന്ഥം നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ലെന്നാണ് എന്റെ ദൃഢമായ അഭിപ്രായം. ബാല്യകാല സഖിയെ കുറിച്ചുള്ള എം.പി പോളിന്റെ ഈ വാക്കുകൾ ഇന്നും തിരുത്തപ്പെട്ടിട്ടില്ല എന്നു തന്നെ പറയാം. 


അതുല്യമായ സ്വപ്നങ്ങൾപേറുന്ന, തങ്ക വെളിച്ചത്തിൽ മുങ്ങിയ ഒരു സുന്ദര ലോകത്തിലെ ഛത്രാധിപതിയായ സുൽത്താൻ മജീദും പട്ടമഹിഷിയായ സുഹ്‌റയും തമ്മിലുള്ള അസാധാരണമായ പ്രണയത്തിന്റെ കാവ്യാവിഷ്‌കാരമാണിത്.
ഏഴ് വയസ്സുള്ള മജീദും അഞ്ച് വയസ്സുള്ള സുഹ്‌റയും തമ്മിലുള്ള ബന്ധത്തിൽ ആണധികാരവും ആഢ്യത്വവുമുണ്ട്. പെണ്ണിന്റെ ദൗർബല്യവും നിസ്സഹായതയും പ്രകടമാകുന്നുണ്ടെങ്കിലും ഉശിരും ശക്തിയും പ്രകടിപ്പിക്കാൻ സുഹ്‌റ ശ്രമിക്കുന്നു. തൊഴിൽവിവേചനം, സാമ്പത്തിക അസമത്വം, പെൺകണ്ണീർ കാണുമ്പോഴുണ്ടാകുന്ന ആണിന്റെ ആനന്ദം, മക്കയോളവും മദീനയോളവും വളരുന്ന കിനാവുകൾഇങ്ങനെ പലവക രംഗങ്ങളാണ് ഉള്ളടക്കത്തിൽ. 'ഉമ്മിണി വല്യ ഒന്ന്' എന്ന കണക്ക് ശാസ്ത്രത്തിലെ വിശ്വ വിഖ്യാതമായ തത്ത്വം മജീദിന്റെ കണ്ടെത്തലാണ്. പുരുഷന്റെ എല്ലാ വിജയത്തിന്റെയും പിന്നാമ്പുറത്ത് ഒരു സ്ത്രീ എന്ന സങ്കൽപത്തിന് അടിവരയിടുകയാണ്, കണക്ക് കൂട്ടലുകൾ തെറ്റുന്ന മജീദിനെ  ശരിയാക്കാൻ ശ്രമിക്കുന്ന സുഹ്‌റ. ഇന്ന് അന്യമായ വിവാഹപ്പെരുമയുള്ള 'മാർക്ക കല്യാണവും'  കാത്കുത്ത് കല്യാണവും നോവലിലെ പ്രാധാന്യങ്ങളാണ്.


'ചെമന്ന മഷിയുള്ള കുപ്പിയിൽ കൈവിരൽ മുക്കിയത് പോലെയല്ല, മഷിയിൽമുങ്ങാതെ കുപ്പിയുടെ വായിൽനിന്നു വിരലിന്റെ തലയ്ക്കു ചുറ്റും ചെമന്ന മഷി പുരണ്ടത് പോലെ'  മാർക്കാനാന്തരവസ്ഥയെ വർണ്ണിക്കാൻ ബഷീർ ഉപയോഗിച്ച വാക്കുകൾ, ഒരു ജലച്ചായ ചിത്രം നൽകുന്നതിനേക്കാൾ കൃത്യമായി അനുവാചക മനസ്സിൽ പതിയുന്നു. 
സൈക്കിളപകടത്തിൽ കാൽനഷ്ടപ്പെട്ട മജീദിന് വേദന ഒരു തീ ആയി  ജ്വലിക്കുന്നത് പ്രണയിനിയുടെ പ്രഥമ ചുംബന സ്പർശമേറ്റ പാദമാണ് നഷ്ടപ്പെട്ടതെന്ന്, ബോധോദയത്തിന് ശേഷം മജീദ് തിരിച്ചറിയുമ്പോഴാണ്. പ്രണയത്തിന്റെ മൂർച്ച ഒരു നോവായി വായനക്കാരിൽ പരിണമിക്കുന്നത് ഇവിടെയാണ്. 'വെറും വേദനയല്ല, ഉറഞ്ഞ ഇല്ലിമുള്ളുകൾ തറഞ്ഞ്ഒടിഞ്ഞിരിക്കുന്നതു പോലെ ഹൃദയം വിങ്ങി വേദനിച്ചു കൊണ്ടിരുന്നു.'


പെൺകുഞ്ഞുങ്ങൾ ഒരു ബാധ്യതയെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ, സ്ത്രീ ധനത്തിനെതിരെയുള്ള ശക്തമായ ഒരു പ്രതികരണ സന്ദേശം കൂടി നോവൽ പ്രദാനം ചെയ്യുന്നു. പിതാവിന്റെ സ്വേച്ഛാധിപത്യവും ഭർതൃ പീഡനത്തിന്റെ നോവും നൊമ്പരവുമുണ്ടിതിൽ. സാമ്പത്തിക മേൽക്കോയ്മയും ആഢ്യത്വവും ദീർഘകാലം നിലനിൽക്കില്ലെന്ന് മജീദിന്റെ പിതാവിലൂടെ മനസ്സിലാക്കിത്തരുന്നു.
പൊന്നും പണവും നൽകാതെ സുഹ്‌റയെ ആരും സ്വീകരിക്കില്ലെന്ന ആധിയായിരുന്നു അവളുടെ ഉമ്മയ്ക്ക്. 'ഈ പെമ്പുള്ളേരു രണ്ടിനേം വല്ലോരിക്കും പിടിച്ചു കൊടുത്തിട്ട് എന്റെ മോനും കെട്ടാം' എന്ന ഉമ്മയുടെ ഉപദേശത്തിന് 'സ്ത്രീധനം കൊടുക്കാതെ ആരും വിവാഹം ചെയ്യുകയില്ലേ' എന്ന് മജീദ് തിരിച്ചു ചോദിക്കുന്നു. 


'ആരു ചെയ്യാനാ മോനെ? അല്ലേപ്പിന്നെ വല്ല ചൊമട്ടുകാരനോ, മാർക്കം കൂടിയോനോ ഒണ്ടാകും. ഞമ്മക്ക് അദ് മതിയോ?... കാതിലും കയിത്തേലും അരേലുമെങ്കിലും പൊന്നിട്ടു കൊടുക്കണം.'
'സ്ത്രീധനയേർപ്പാട് തന്നെ ഇല്ലായിരുന്നെങ്കിൽ! ഉമ്മാ, ഈ കാത് കുതുകുത്തും മറ്റും ഇല്ലായിരുന്നെങ്കിൽ! നമ്മുടെ സമുദായത്തിനുമാത്രം എന്തിനാണ് ഈ വൃത്തികെട്ട ഏർപ്പാടുകൾ?- വൃത്തികെട്ട വസ്ത്രധാരണവും വൃത്തികെട്ട ആഭരണങ്ങളും...!'' മുസ്ലിം സമുദായത്തിലെ ഒരു പരിഷ്‌കർത്താവിന്റെയും നവോത്ഥാന നായകന്റെയും ചിന്തകളും അഭിപ്രായങ്ങളുമാണ് ഇവിടെ ഉയരുന്നത്.  പക്ഷെ, ഇത്തരം ചിന്തകളും ചോദ്യങ്ങളും അക്കാലത്ത് ഏറെ വിവാദങ്ങൾ ഉണ്ടാക്കുകയും പുസ്തകം പ്രസിദ്ധീകരിക്കാൻ പോലും വിസമ്മതിക്കപ്പെടുകയും ചെയ്തു.


''ഇതൊരു മുസ്‌ലിം സമുദായ കഥയും ഇതിന്റെ കർത്താവ് ഒരു മുസൽമാനുമാണ്. എന്നു ആശ്രിതപക്ഷപാതത്തോടെ പറഞ്ഞു വായനക്കാരുടെ ഔദാര്യത്തെ ക്ഷണിക്കുന്നത് ഈ കഥയേയും കഥാകാരനേയും സംബന്ധിച്ചിടത്തോളം തികഞ്ഞ ഔദ്ധത്യമായിരിക്കും. ബഷീർ അവർകളുടെ ഈ കൃതി നമ്മുടെ മേധ്യ നിവസിക്കുന്ന ഒരു ഗണനീയമായ ജനവിഭാഗത്തോട് ഇതര വിഭാഗങ്ങൾക്ക് പൂർവാധികം ഹൃദയബന്ധമുണ്ടാക്കുവാൻ പര്യാപ്തമാണെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ''. (എം പി പോൾ).
സമുദായത്തിനകത്ത് നിന്നാണ് ബഷീർ ഈ കഥ പറയുന്നതെങ്കിലും, ഒരു കാലഘട്ടത്തിന്റെ കേരള ജീവിതവും ചരിത്രവും ഈ കൃതിയിൽ നമുക്ക് വായിച്ചെടുക്കാം.

 

Latest News