ഭോപാല്‍- അമ്മയുടെ സഹോദര പുത്രന്മാരോട് മൊബൈലില്‍ ചാറ്റ് ചെയ്തതിന് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതികളായ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ജൂണ്‍ 22നാണ് സംഭവം നടന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ഭയം കാരണം പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. 19, 20 വയസ്സുകാരായ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ധിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടര്‍ന്നാണ്് ഇവരില്‍ ഒരാള്‍ പോലീസിനു പരാതി നല്‍കിയത്. മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും വടിയും കല്ലും കൊണ്ട് അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. വിഡിയോ ജൂണ്‍ 25നാണ് പോലീസിനു ലഭിച്ചത്.
ഒരു പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. അച്ഛന്റെ സഹോദരന്റെ മക്കളും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് ഗ്രാമത്തിലെ ഒരു സ്‌കൂളിനു സമീപത്തുവച്ച് തങ്ങളെ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. പോലീസ് സ്ഥലം സന്ദര്‍ശിച്ചു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയും നടത്തി.