ന്യുദൽഹി- അനധികൃതമായി 3.21 കോടി രൂപ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ജെറ്റ് എയർവേയ്‌സ് ജീവനക്കാരിയെ വിമാനയാത്രക്കിടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ദൽഹിയിൽ നിന്നും ഹോങ്കോങ്ങിലേക്ക് പറക്കുന്നതിനിടെയാണ് ആകാശത്തു വച്ച് ജീവനക്കാരിയിൽ നിന്ന് 4,80,200 യുഎസ് ഡോളർ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. ഞായറാഴ്ചയാണ് സംഭവം. കള്ളപ്പണം വെളുപ്പിക്കുന്ന വൻസംഘത്തിലെ കണ്ണിയായിരുന്നു ജെറ്റ് എയർവേയ്‌സ് ജീവനക്കാരിയെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടത്തി അത് സ്വർണമായി തിരിച്ചു കൊണ്ടുവരികയാണ് സംഘത്തിന്റെ പ്രധാന ജോലി. അറസ്റ്റിലായ വിമാനജീവനക്കാരിയ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ട്രാവൽ കമ്പനി ഉടമയുടെ പങ്കും വ്യക്തമായിട്ടുണ്ട്. ഇയാൾ മുഖ്യസൂത്രധാരനാണെന്ന് കരുതപ്പെടുന്നു.
ദൽഹിയിലെ വൻകിട ബിസിനസുകാരിൽ നിന്നും പണം സ്വീകരിച്ച് അത് വിമാന ജീവനക്കാരി മുഖേന ഹോങ്കോങിലെത്തിക്കുകയാണ് ചെയ്തിരുന്നത്. ഹോങ്കോങിൽ ആർക്കാണ് ഇതു കൈമാറുന്നതെന്ന് വ്യക്തമായിട്ടില്ല. ദൽഹിയിലേ പത്തോളം വ്യവസായികളും ഏതാനും വിമാന ജീവനക്കാരും ഡി.ആർ.ഐ നിരീക്ഷണത്തിലാണ്.
കടത്തിക്കൊണ്ടു പോകുന്ന പണത്തിന്റെ ഒരു ശതമാനം തുകയാണ് പിടിയിലായ വിമാനജീവനക്കാരി കൈക്കൂലിയായി വാങ്ങിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഒരുമാസമായി ഇവർ കടത്ത് തുടങ്ങിയിട്ട്. വിമാനത്താവളങ്ങളിലെ സ്‌കാനറുകളിൽ തിരിച്ചറിയപ്പെടാതിരിക്കാൻ പണം ഫോയിൽ പേപ്പറിൽ പൊതിഞ്ഞാണ് ഇവർ കടത്തിയിരുന്നത്.