ന്യൂദല്‍ഹി- 59,000 കോടി രൂപയുടെ റഫാല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച് ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചിട്ടും നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇപ്പോഴും മൗനത്തിലാണെന്ന് കോണ്‍ഗ്രസ്. ഈ കരാറില്‍ ഇടനിലക്കാരായ പ്രവര്‍ത്തിച്ചവര്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ടെന്ന് ലഭ്യമായ രേഖകളിലുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഏറെ കാലമായി വിവാദമായി നില്‍ക്കുന്ന റഫാല്‍ കരാറിലെ അഴിമതിയെ കുറിച്ച് ഫ്രാന്‍സില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായി കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് വന്നത്. തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും കോണ്‍ഗ്രസ് രംഗത്തെത്തിയത്.
എന്തുകൊണ്ട് പ്രധാനമന്ത്രി മോഡി ജെപിസി അന്വേഷണം പ്രഖ്യാപിക്കുന്നില്ല എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പരിഹാസ രൂപേണ നല്‍കിയ ചോദ്യത്തിനുള്ള ഉത്തരമായി നാല് ഓപ്ഷനുകളും രാഹുല്‍ നല്‍കി. കുറ്റബോധം, സുഹൃത്തുക്കളെ കൂടി സംരക്ഷിക്കേണ്ടതുണ്ട്, ജെപിസിക്ക് രാജ്യസഭാ സീറ്റ് ആവശ്യമില്ല, എല്ലാ ഓപ്ഷനുകളും ശരി എന്നിങ്ങനെ നാല് ഉത്തര ഓപ്ഷനുകളാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.
റഫാല്‍ കരാര്‍ ഇന്ത്യ, ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറാണ്. ഇതില്‍ ഒരു സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടും മറ്റേ സര്‍ക്കാര്‍ പ്രതികരിക്കുന്നുപോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഇടപാടില്‍ ആരോപിക്കപ്പെട്ട അഴിമതി, സ്വാധീനിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, പക്ഷപാതം എന്നീ ആരോപണങ്ങളില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിട്ടു. ലോകമൊട്ടാകെ ഇപ്പോള്‍ ദല്‍ഹിയിലേക്കാണ് നോക്കുന്നത്. എന്ത്‌കൊണ്ട് മിണ്ടുന്നില്ല?- അദ്ദേഹം ചോദിച്ചു.
JPC जाँच के लिए मोदी सरकार तैयार क्यों नहीं है?
— Rahul Gandhi (@RahulGandhi) July 4, 2021