ന്യൂദൽഹി- ദളിത് നേതാവ് ജിഗ്നേഷ് മേവാനി നടത്തുമെന്ന് പ്രഖ്യാപിച്ച റാലി തടയാൻ ദൽഹിയിൽ വിപുലമായ സന്നാഹമൊരുക്കി പോലീസ്. 1500 ലേറെ വരുന്ന പോലീസുകാരെയും അർധ സൈനിക വിഭാഗത്തെയും ജന്തർ മന്ദറിൽ വിന്യസിച്ചു. ഇന്ന് ഉച്ചക്ക് റാലി നടത്തുമെന്നാണ് ജിഗ്നേഷ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പരിസ്ഥിതി കാരണം പറഞ്ഞ് റാലിക്ക് പോലീസ് അനുമതി നൽകിയില്ല. ദളിത് നേതാവ് ചന്ദ്രശേഖർ ആസാദിനെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യുവ ഹങ്കാർ എന്ന പേരിൽ റാലി നടത്തുന്നത്. ഷഹറാൻ പൂരിൽ കഴിഞ്ഞ ജൂണിലുണ്ടായ ജാതി സംഘർഷത്തിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിൽ ദളിതുകൾക്ക് നേരെ നടന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് കൂടിയാണ് ദൽഹിയിൽ റാലി. മഹാരാഷ്ട്ര അക്രമണങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നാണ് ജിഗ്നേഷിന്റെ ആരോപണം.
എന്നാൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്കുള്ളതിനാൽ ജന്ദർ മന്ദറിൽ റാലി നടത്താനാകില്ലെന്ന് പോലീസ് ആവർത്തിച്ചു. റാം ലീല മൈതാനിയിലോ മറ്റെവിടെയങ്കിലുമോ റാലി നടത്താമെന്ന് സംഘാടകരോട് പറഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ദളിതുകൾക്ക് നേരെ നടക്കുന്ന അക്രമണങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു.