Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴ

ന്യൂദല്‍ഹി-ഓണ്‍ലൈന്‍ ബിരുദദാനച്ചടങ്ങിനിടെ ദല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അംബേദ്കര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴയിട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അനാദരവു പുലര്‍ത്തുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തിയെന്നാണ് സര്‍വകലാശാല കണ്ടെത്തിയ കുറ്റം. ദല്‍ഹി സര്‍ക്കാരിനു കീഴിലുള്ളതാണ് ഈ സര്‍വകലാശാല.
അവതരണ പഠനവിഭാഗം എം.എ. വിദ്യാര്‍ഥിനി നേഹയാണ് കഴിഞ്ഞ ഡിസംബറില്‍ ഓണ്‍ലൈന്‍ ബിരുദദാനച്ചടങ്ങിനിടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് നേഹ. സംവരണനയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അതിരുവിട്ട ഫീസിനെക്കുറിച്ചുമൊക്കെ അവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളെക്കുറിച്ച് മുഖ്യമന്ത്രിക്കു ശ്രദ്ധയില്ലെന്നും കുറ്റപ്പെടുത്തി. യുട്യൂബില്‍ നേഹയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടതായി പ്രോക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച സമിതി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പരാമര്‍ശം സമ്മതിച്ച നേഹ ഖേദപ്രകടനം നടത്താന്‍ തയ്യാറായില്ല. ഫൈനല്‍ പരീക്ഷ എഴുതണമെങ്കില്‍ നേഹ 5000 രൂപ പിഴയടയ്ക്കണമെന്നാണ് ശിക്ഷാനടപടി.
സര്‍വകലാശാലയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് നേഹ പ്രതികരിച്ചു. പ്രതിഷേധിച്ചവരില്‍ താന്‍ മാത്രമല്ല, 12 പേരെങ്കിലുമുണ്ട്. അവര്‍ക്കൊന്നും നോട്ടീസ് നല്‍കാതെ തന്നെ മാത്രം ഒറ്റപ്പെടുത്തിയാണ് നടപടിയെന്നും നേഹ പരാതിപ്പെട്ടു. നടപടി ചോദ്യംചെയ്ത് ഓണ്‍ലൈന്‍ പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് ഐസ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍.
 

Latest News