ന്യൂദല്‍ഹി- രാജ്യത്തെ മുസ്‌ലിം വിഭാഗത്തിലെ 95 ശതമാനം പേരും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നവരാണെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍. വിവാദ പൗരത്വ നിയമം അടക്കമുള്ളവ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇന്ത്യയുടെ സംസ്‌കാരം മറ്റെന്തിനേക്കാളും മുകളിലാണെന്നും സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം പേര്‍ വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരും പരിപൂര്‍ണരല്ലെന്നും എല്ലാത്തിനും മുകളിലാണ് രാജ്യത്തിന്റെ സംസ്‌കാരമെന്നും വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നുണ്ട്. അതേസമയം, പ്രദേശിക കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തില്‍ 21 ശതമാനം ഹിന്ദുക്കളും 24 ശതമാനം മുസ്‌ലിം വിശ്വാസികളും പലതരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നതായി സര്‍വേ പറയുന്നുണ്ട്.
വടക്കേ ഇന്ത്യയില്‍ 40 ശതമനം പേര്‍ മതത്തിന്റെ പേരിലുള്ള വിവേചനം കഴിഞ്ഞ ഒരു വര്‍ഷമായി നേരിടുന്നുണ്ട്. പൗരത്വ നിയമം വിവാദമായി തുടരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ കണക്ക് 36 ശതമാനവുമാണ്. തെക്കേ ഇന്ത്യയില്ലും മധ്യ ഇന്ത്യയിലും കണക്കുകളില്‍ കുറവുണ്ട്. തെക്കേ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ 19 ശതമാനം പേരും മധ്യ ഇന്ത്യയില്‍ 18 ശതമാനവുമാണ് പേര്‍ വിവേചനം നേരിടുന്നുണ്ട്.
2019 അവസാനം മുതല്‍ 2020 ആദ്യം വരെ നടന്ന സര്‍വേയില്‍ 30,000 പേരാണ് പങ്കെടുത്തത്. 17 ഭാഷകളിലായി മിക്കവാറും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയാണ് നിര്‍ണാായക പഠനം നടത്തിയത്. ഇന്ത്യയില്‍ മതപരിവര്‍ത്തനം തീരെ കുറവാണെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളില്‍ പെട്ടവര്‍ മറ്റു മതങ്ങളിലേയ്ക്ക് മാറുന്നുണ്ടെന്നും ഇതില്‍ ക്രിസ്ത്യന്‍ വിഭാഗമാണ് മുന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയിരത്തില്‍ ഏട്ട് പേര്‍ ഹിന്ദുമതം വിട്ടപ്പോള്‍ ഏഴു പേര്‍ പുതുതായി പുറത്തു നിന്നെത്തി. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 0.4 ശതമാനം പേര്‍ പറഞ്ഞത് പണ്ട് തങ്ങള്‍ ഹിന്ദുക്കളായിരുന്നുവെന്നും ഇപ്പോള്‍ ക്രിസ്ത്യാനികളാണെന്നുമാണ്. എന്നാല്‍ ഇതിന്റെ നാലിലൊരംശം പേര്‍ മാത്രമാണ് ക്രിസ്തുമതം ഉപേക്ഷിച്ചത്. മുസ്‌ലിം വിഭാഗത്തിലേയ്ക്ക് പുതുതായി ചേര്‍ന്നതായി 0.3 ശതമാനം പേര്‍ വ്യക്തമാക്കി. ഇത്ര തന്നെ ആളുകള്‍ ഇസ്‌ലാം മതം ഉപേക്ഷിച്ച് മറ്റു മതങ്ങളില്‍ ചേരുകയും ചെയ്തു. സിഖ്, ബുദ്ധ മതങ്ങളുടെയും അവസ്ഥ സമാനമാണ്. അതേസമയം, ജൈനമതത്തിന് നേരിയ തോതില്‍ നഷ്ടമുണ്ടായിട്ടുണ്ട്.