Sorry, you need to enable JavaScript to visit this website.

കോവിഡ് മരണം സംഭവിച്ച പ്രവാസികളുടെ വിവരം ശേഖരിക്കാൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെടും-എം.എ യൂസഫലി

ലുലു ഗ്രൂപ്പ് സി.എം.ഡി എം.എ. യൂസഫലി, ലുലു ആസ്ഥാനമായ അബുദാബി വൈ ടവറിൽ സംഘടിപ്പിച്ച മീഡിയാ മജ്‌ലിസിൽ സംസാരിക്കുന്നു.

ജിദ്ദ- കോവിഡ് പ്രതിസന്ധിക്കിടയിലും 60,000 തൊഴിലാളികളുടെ വേതനം കുറയ്ക്കുകയോ, അവരെ ഒഴിവാക്കുകയോ ചെയ്യാതെ ചേർത്തു പിടിച്ച ഏറ്റവും വലിയ ഉപഭോക്തൃശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ്, 2022 - അവസാനത്തോടെ സൗദിയിൽ വനിതകളുൾപ്പെടെ കൂടുതല്‍ സ്വദേശികൾക്ക് ജോലി ലഭ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് സി.എം.ഡി എം.എ യൂസഫലി പ്രഖ്യാപിച്ചു. 'ഭീതിജനകവും വിസ്മയകരവുമായ രക്ഷപ്പെടൽ' എന്ന് സ്വയം വിശേഷിപ്പിച്ച ഹെലികോപ്റ്റർ അപകടശേഷം ജി.സി.സി രാജ്യങ്ങളിലെ മാധ്യമപ്രതിനിധികളുമായി നടന്ന മീഡിയാ മജ്‌ലിസിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. മൊത്തം 57,950 ജീവനക്കാരുള്ള ലുലു ഗ്രൂപ്പിൽ 32,000 ഇന്ത്യക്കാരിൽ 29,360 പേർ കേരളീയരാണ്. ഏതാനും മാസങ്ങൾക്കകം പുതുതായി 30 ഹൈപ്പർമാർക്കറ്റുകൾ കൂടി തുടങ്ങുന്നതിന്റെ മുന്നോടിയായി 3418 - പേർക്ക് കൂടി നിയമനം നൽകി. കോവിഡ് കാലത്തും നാല് ഇ, കൊമേഴ്‌സ് കേന്ദ്രങ്ങളുൾപ്പെടെ 30 ഹൈപ്പർമാർക്കറ്റുകളുടെ പ്രവർത്തനം പൂർത്തിയാക്കാനായത് സമർപ്പണമനസ്‌കരായ തൊഴിലാളികളെ ചേർത്ത് പിടിച്ചത് കൊണ്ടാണെന്ന് യൂസഫലി പറഞ്ഞു.

ജിദ്ദ, റിയാദ്, ദമാം, തബൂക്ക് എന്നിവിടങ്ങളിലെ പുതിയ ലുലു ശാഖകൾ അടുത്ത വർഷാരംഭത്തോടെ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് ഈ വർഷം അവസാനം തുടങ്ങും. കോവിഡ് സാഹചര്യമാണ് യഥാസമയം പ്രവർത്തനസജ്ജമാക്കാൻ തടസ്സമായത്. ലുലുവിന്റെ ലഖ്‌നോ, ബംഗളൂരു ശാഖകളും കശ്മീരിലേയും നോയ്ഡയിലേയും ലുലു ഭക്ഷ്യസംസ്‌കരണ ശാലകളുടേയും പ്രവർത്തനം അന്തിമഘട്ടത്തിലാണ്. കോഴിക്കോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലും താമസിയാതെ ലുലു ശാഖകൾ ആരംഭിക്കും. ഇവയുടെ പ്രാരംഭജോലികളാരംഭിച്ചു. 


ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്ത പ്രവാസി വ്യവസായികളുടെ സമ്മേളനത്തിൽ യൂസഫലി വാഗ്ദാനം ചെയ്തു. ഉൾനാടുകളിലും സമൂഹത്തിൽ അവശതനുഭവിക്കുന്ന ആദിവാസി വിഭാഗങ്ങൾക്കും ഡിജിറ്റൽ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ലുലു നൽകാൻ സന്നദ്ധമാണ്. മക്കൾ ഉപേക്ഷിച്ച അമ്മമാരേയും അച്ഛന്മാരേയും പുനരധിവസിപ്പിക്കാൻ കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ഗാന്ധിഭവനുമായി സഹകരിച്ച് ലുലു നിർമിക്കുന്ന, റിക്രിയേഷൻ സൗകര്യമോടെയുള്ള വിപുലമായ സ്‌നേഹമന്ദിരം നിർമാണം പൂർത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം അഞ്ചു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കളെയോർത്ത് സാക്ഷരകേരളം ലജ്ജിക്കേണ്ടതുണ്ടെന്നും ഗാന്ധിഭവൻ സന്ദർശിച്ച ദിവസം തനിക്ക് ഉറങ്ങാനായില്ലെന്നും യൂസഫലി പറഞ്ഞു. ദുബായ് എക്‌സ്‌പോയുമായി പതിവുപോലെ സഹകരിക്കും. ഗൾഫ് രാജ്യങ്ങളിൽ കോവിഡ്മൂലം മരണപ്പെട്ട പ്രവാസികളുടെ പേരും സർക്കാരിന്റെ കണക്കിലുൾപ്പെടുത്താൻ പരിശ്രമിക്കുമെന്ന് യൂസഫലി ഉറപ്പ് നൽകി. ഇക്കാര്യം മുഖ്യമന്ത്രിയുമായും നോർക്കയുമായും ചർച്ച ചെയ്യും. വിശിഷ്ട സേവനത്തിനുള്ള അബുദാബിയുടെ ഔദ്യോഗിക പുരസ്‌കാരം ലഭിച്ചതിനു ശേഷമുള്ള ലുലു മേധാവിയുടെ ആദ്യവാർത്താ സമ്മേളനം കൂടിയായിരുന്നു മീഡിയാ മജ്‌ലിസ്. 

കിറ്റെക്‌സിനെ കേരളത്തിൽ നില നിർത്തണം

3500 കോടി രൂപ മുടക്കി കേരളത്തിൽ പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച, നിരവധി പേരുടെ ജീവനമാർഗമായ കിറ്റെക്‌സ് കമ്പനിയെ കേരളത്തിൽ നിലനിർത്തണമെന്ന് എം.എ. യൂസഫലി അഭിപ്രായപ്പെട്ടു. കമ്പനി ഉടമകളുമായി സംസാരിച്ച് അഭിപ്രായസമന്വയം സൃഷ്ടിക്കാനും ശാശ്വതമായ പരിഹാരമുണ്ടാക്കാനും കേരള സർക്കാർ തയാറാകണം. ഇക്കാര്യം കിറ്റെക്‌സ് എം.ഡിയുമായി താൻ സംസാരിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. 

     

Latest News