മുംബൈ- ഭവന രഹിതര്‍ക്കും യാചകര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ സൗജന്യ താമസ സൗകര്യവും ഭക്ഷണവും നല്‍കുന്നത് അവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. സൗജന്യ ഭക്ഷണവും പാര്‍പ്പിടവും നല്‍കി അതിനു പകരമായി അവരോട് രാജ്യത്തിനു വേണ്ടി ജോലി ചെയ്യാന്‍ ആവശ്യപ്പടണമെന്നും എല്ലാം സര്‍ക്കാരിന് നല്‍കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഈ നിരീക്ഷണം. സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് ജോലിയും ഉപജീവനമാര്‍ഗവുമുണ്ടെന്നിരിക്കെ ഇവരും ജോലി ചെയ്യണം. എല്ലാവരും ജോലി ചെയ്യുന്നുണ്ട്. എല്ലാം സര്‍ക്കാരിന് നല്‍കാനാവില്ല- കോടതി ചൂണ്ടിക്കാട്ടി.
തെരുവില്‍ കഴിയുന്ന നഗരങ്ങളിലെ ദരിദ്രര്‍ക്ക് മൂന്ന് നേരം ഭക്ഷണം, സൗജന്യ താമസം, വൃത്തിയുള്ള ശുചിമുറി സൗകര്യം, സൗജന്യ വെള്ളം, സോപ്പ്, സാനിറ്ററി നാപ്കിന്‍സ് എന്നിവ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ പെഹ്ചാന്‍ സ്ഥാപകന്‍ ബ്രജേഷ് ആര്യ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ മറുപടി. ഈ ആവശ്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനും അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ശരിയായ ദിശയില്‍ തന്നെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ഇനി പ്രത്യേക നിര്‍ദേശം നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയും ചെയ്തു. പൊതു ടോയ്‌ലെറ്റുകള്‍ക്ക് തെരുവില്‍ കഴിയുന്നവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സൗജന്യമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.