ഡെറാഡൂണ്‍- ബിജെപിയില്‍ ആഭ്യന്തര കലഹം നടക്കുന്ന ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി യുവ എംഎല്‍എ പുഷ്‌കര്‍ സിങ് ധാമിയെ പാര്‍ട്ടി തെരഞ്ഞെടുത്തു. നാലു മാസം മുമ്പ് അധികാരമേറ്റ മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് വെള്ളിയാഴ്ച രാത്രി രാജിവച്ചതിനെ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന ബിജെപി നിയസഭാ പാര്‍ട്ടി യോഗത്തിലാണ് പുതിയ നേതാവായി പുഷ്‌കര്‍ സിങിനെ തെരഞ്ഞെടുത്തത്. പുതിയ മുഖ്യമന്ത്രി വൈകാതെ സത്യപ്രതിജ്ഞ ചെയ്യും. 57 ബിജെപി എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ ബിജെപി ദേശീയ അധ്യക്ഷനുമായ രാജ്‌നാഥ് സിങിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ആളാണ് പുഷ്‌ക്കര്‍ സിങ്. 45-കാരനായ പുഷ്‌കര്‍ ഖാതിമ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണ നിയമസഭയിലെത്തി.
എംഎല്‍എമാരുടെ യോഗത്തിന് കേന്ദ്ര പാര്‍ട്ടി നീരീക്ഷകരായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറും പാര്‍ട്ടിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന ദുഷ്യന്ത് കുമാര്‍ ഗൗതമും എത്തിയിരുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് ആറോളം എംഎല്‍എമാരുടെ പേരുകള്‍ ചര്‍ച്ചയ്ക്കു വന്നു. മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനു തന്നെ പദവി നല്‍കണമെന്ന അഭിപ്രായവും ഒരു വിഭാഗം ഉയര്‍ത്തി. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.