Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവര്‍ത്തകരെ ആധാര്‍ ഇതിനുമുമ്പും വേട്ടയാടി

ന്യൂദല്‍ഹി- മാധ്യമ പ്രവര്‍ത്തകരെ ആധാര്‍ അധികൃതര്‍ കേസില്‍ കുടുക്കുന്നത് ഇതാദ്യമല്ലെന്ന് വെളിപ്പെടുത്തല്‍. ആധാര്‍ വിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെ മാധ്യമ പ്രവര്‍ത്തക രചനാ ഖൈരക്കെതിരെ ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അനുമതിയില്ലാതെ ആധാര്‍ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മറ്റൊരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് നല്‍കിയിരുന്നു. ഒരേ ബയോമെട്രി വിവരം നല്‍കി രണ്ട് ആധാര്‍ കാര്‍ഡുകള്‍ നേടിയെന്നായിരുന്നു അന്നത്തെ കേസ്. ഒരു ഒറിജിനലും ഒരു വ്യാജ കാര്‍ഡുമാണ് മാധ്യമപ്രവര്‍ത്തകന്‍ കരസ്ഥമാക്കിയിരുന്നത്. 
ആധാര്‍ ചട്ടങ്ങളിലെ വിടവുകള്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്നു തെളിയിക്കാനാണ് ഇത് ചെയ്തിരുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനു പകരം അതു തെളിയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ തിരിയുകയാണ് അന്ന് യു.ഐ.ഡി.എ.ഐ ചെയ്തത്. മാധ്യമപ്രവര്‍ത്തകനെതിരെ കേസ് തുടരുന്ന ആധാര്‍ അധികൃതര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കയുമാണ്. 
ആധാര്‍ ബയോമെട്രിക് സംവിധാനത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് പുതിയ കേസിനാധാരമായ സംഭവവും. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും അത് എളുപ്പമാണെന്നുമാണ് മാധ്യമ പ്രവര്‍ത്തക രചനാ ഖൈര തെളിയിച്ചത്. എന്നാല്‍ ഇത് ഐ.ടി നിയമപ്രകാരം കുറ്റകരമാണെന്ന് ആരോപിച്ചാണ് ആധാര്‍ അതോറിറ്റി പോലീസിനെ സമീപിച്ചത്. കൃത്രിമ രേഖ ചമക്കല്‍ അടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 
ആധാര്‍ ഡാറ്റകള്‍ കരസ്ഥമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തക ആള്‍മാറാട്ടം നടത്തിയെന്നും ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച് അതിനായി പണം നല്‍കിയെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയും മറ്റു കുറ്റാരോപിതരും ധാരാളം ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരിക്കയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 
മാധ്യമപ്രവര്‍ത്തകക്കെതിരെ അല്ല, വിവരങ്ങള്‍ ചോര്‍ത്തിയ അജ്ഞാതര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ്  വിശദീകരിക്കുന്നുണ്ട്. പത്രസ്വാതന്ത്ര്യത്തിനു നേരെ നടന്ന നഗ്നമായ കയ്യേറ്റമാണെന്ന് വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസിന്റെ വിശദീകരണം. എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് പത്ര, വാര്‍ത്താ ഏജന്‍സി ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കുക എളുപ്പമല്ലെന്നാണ് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദല്‍ഹി ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം മാത്രമേ എഫ്.ഐ.ആര്‍ റദ്ദാക്കാനാകൂ എന്നാണ് വിശദീകരണം. പോലീസ് നടപടിയെ അപലപിച്ച് എഡ്‌റ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. 

Latest News