Sorry, you need to enable JavaScript to visit this website.

വിസ്മയ കേസ്: കിരണിന് വേണ്ടി വാദിക്കാന്‍  ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ എത്തി

കൊല്ലം- വിസ്മയയുടെ ആത്മഹത്യാ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിന് വേണ്ടി വാദിക്കാന്‍ എത്തിയത് അഡ്വ.ബി.എ.ആളൂര്‍. ഷൊര്‍ണൂര്‍ പീഡന വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി വാര്‍ത്തകളില്‍ ഇടംപിടിച്ച അഭിഭാഷകനാണ് ബി.എ.ആളൂര്‍. വിസ്മയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി തിങ്കളാഴ്ച വിധി പറയും. വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. കിരണിനായി ഇന്നലെയാണ് ബി.എ.ആളൂര്‍ കോടതിയില്‍ ഹാജരായത്.
 കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍ കോടതിയില്‍ നിലപാടെടുത്തു.
നെയ്യാറ്റിന്‍കര സബ് ജയിലിലാണ് കിരണ്‍ കുമാര്‍ ഇപ്പോള്‍ ഉള്ളത്. കിരണിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം കിരണിനെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് കിരണിന് കോവിഡ് സ്ഥിരീകരിച്ചത്.

Latest News