Sorry, you need to enable JavaScript to visit this website.

'റോഡില്‍ പോലീസ് നില്‍ക്കുന്നത് സല്യൂട്ടടിക്കാനല്ല'  മേയര്‍ക്ക് പോലീസ് അസോസിയേഷന്റെ  മറുപടി

തിരുവനന്തപുരം- തന്നെ പോലീസ് ആദരിക്കുന്നില്ലെന്നും സല്യൂട്ട് ചെയ്യുന്നില്ലെന്നുമുള്ള തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിന്റെ പരാതിക്ക് മറുപടിയുമായി പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു. സമൂഹമാധ്യമത്തിലൂടെയാണു ബിജു ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചത്. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോള്‍ കണ്ട പരാതി.
ഇത്തരത്തില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നാണു ബിജുവിന്റെ മറുപടി. ഇതോടെ ഈ വിഷയം പോലീസുകാര്‍ക്കിടയിലും ചര്‍ച്ചയായി.
പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രശാന്തും പ്രതികരിച്ചു. 'ഒരു വ്യക്തിയോടുള്ള / പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തിയാണ് സല്യൂട്ട്. റോഡില്‍ നില്‍ക്കുന്ന പോലീസ്  ഉദ്യോഗസ്ഥര്‍ അതുവഴി കടന്നു പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാന്‍ വേണ്ടി ഉപചാരപൂര്‍വം നിര്‍ത്തിയിരിക്കുന്നവര്‍ അല്ല, പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാല്‍നടയാത്രക്കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാന്‍ നിയോഗിച്ചവര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ട്രാഫിക് ഡ്യൂട്ടിയില്‍ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥര്‍, അതുവഴി കടന്നുപോകുന്ന ഉന്നതരെ സല്യൂട്ട് ചെയ്യണമെന്ന് ആരും നിര്‍ബന്ധിക്കാത്തതിനു കാരണവും ഇതുതന്നെയാണ്.
നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയില്‍നിന്നും പൊതുജനങ്ങളും, ഉദ്യോഗസ്ഥരും ഈ കോവിഡ് മഹാമാരിയുടെ കാലത്തു പ്രതീക്ഷിക്കുന്ന / ആഗ്രഹിക്കുന്ന ചില പ്രവര്‍ത്തങ്ങള്‍ ഉണ്ടാകും. എന്നാല്‍, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതുനിരത്തില്‍ വെയിലും മഴയും പൊടിയുമേറ്റ് ജോലി നിര്‍വഹിക്കുന്ന പോലീസ് ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആദരവ് നല്‍കണമെന്നു കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുമ്പോള്‍ സത്യത്തില്‍ ആദരവ് നഷ്ടപ്പെടുന്നതു പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണ്' പ്രശാന്ത് അഭിപ്രായപ്പെട്ടു.
നഗരപരിധിയില്‍ താന്‍ ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിച്ചു നില്‍ക്കുകയാണെന്നാണു തൃശൂര്‍ മേയര്‍ ഡിജിപിക്കു പരാതി നല്‍കിയത്. ഇക്കാര്യം പലതവണ ഡിജിപിയുള്‍പ്പെടെ ഓഫിസര്‍മാരെ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ ഉടനെ കീഴ്ജീവനക്കാരിലേക്കു സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസറുടെ പ്രോട്ടോക്കോള്‍ പട്ടിക നല്‍കണമെന്നും ആദരിക്കേണ്ടവര്‍ക്ക് ആദരം നല്‍കണമെന്നുമാണു മേയറുടെ ആവശ്യം. നഗരപരിധിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണു വേണ്ടത് എന്ന വ്യക്തമായ നിര്‍ദേശം ഉള്‍പ്പെടെ സര്‍ക്കുലറായി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥരാല്‍ നയിക്കുന്ന സേനയാണ് കേരള പോലീസ്  എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നുവെന്നുമാണ് ബിജു വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ നിലവിലുണ്ടാകും. എന്നാല്‍ അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പോലീസ്  ഉദ്യോഗസ്ഥരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി ബിജുവിന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
 

Latest News