Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ക്ലാസുകളോട് വെറുപ്പ്: എട്ടാം ക്ലാസുകാരി തിന്നത് ഒരു കിലോ തലമുടി

ചെന്നൈ-കോവിഡ് 19  വന്നതോടെ കുട്ടികള്‍ ഒക്കെയും ഫോണുകളുടെ മുന്നിലാണ്.ഓണ്‍ലൈന്‍ ക്ലാസും പരിശീലനവുമൊക്കെയായി പഠനം തകൃതിയായി നടക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും മാതാപിതാക്കള്‍ പോലും കണാതെ പോവുകയാണ്. പലരും വിഷാദത്തിലേക്കും ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നു. ഡോക്ടര്‍മാരേയും അധ്യാപകരെയും മാതാപിതാക്കളെയും അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കഴിച്ചത് ഒരു കിലോയോളം മുടി. വില്ലുപുരം സ്വദേശിനിയായ 15 കാരിയാണ് മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം മുടി കഴിച്ചത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുടലില്‍ നിന്ന് ഒരു കിലോയോളം ഭാരം വരുന്ന മുടിക്കെട്ട് പുറത്തെടുത്തു.ആറപുന്‍സല്‍ സിന്‍ഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന കുട്ടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലില്‍ നിന്നുള്ള മറ്റു വസ്തുക്കളും ചേര്‍ന്നു പന്തിന്റെ രൂപത്തില്‍ ആകുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. ബാലസംരക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചു കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി. ഓണ്‍ലൈന്‍ ക്ലാസുകളോടുള്ള വെറുപ്പിനെ തുടര്‍ന്നാണു പെണ്‍കുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Latest News