ന്യൂദല്‍ഹി- മേയ് 15നും ജൂണ്‍ 15നുമിടിയില്‍ മൂന്ന് കോടി പോസ്റ്റുകള്‍ക്കെതിരെ പുതിയ ഐടി ചട്ട പ്രകാരം നടപടി എടുത്തെന്ന് ഫെയ്‌സ്ബുക്ക്. നിയമ പ്രകാരം സര്‍ക്കാരിനു സമര്‍പ്പിച്ച ആദ്യ പ്രതിമാസ കംപ്ലയന്‍സ് റിപോര്‍ട്ടിലാണ് ഈ കണക്ക് കമ്പനി വ്യക്തമാക്കുന്നത്. 10 വിഭാഗങ്ങളിലായുള്ള ലംഘനങ്ങള്‍ക്കെതിരെയാണ് നടപടി. സ്പാം (25 ല്ക്ഷം), ആക്രമണ ദൃശ്യങ്ങള്‍ (25 ലക്ഷം), നഗ്നത, ലൈംഗിക ദൃ്ശ്യങ്ങള്‍ (18 ലക്ഷം), വിദ്വേഷ പ്രചരണം (3.11 ലക്ഷം) തുടങ്ങിയ ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തതെന്ന് ഫെയ്‌സ്ബുക്ക് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്‍സ്റ്റഗ്രാം 20 ലക്ഷം പോസ്റ്റുകള്‍ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മേയ് 15ന് നടപ്പിലാക്കിയ പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരം 50 ലക്ഷത്തിലേറെ യൂസര്‍മാരുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഓരോ മാസവും കംപ്ലയന്‍സ് റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം. ലഭിച്ച പരാതികളും ഇതില്‍ സ്വീകരിച്ച നടപടികളും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും വേണം. നീക്കം ചെയ്യപ്പെട്ട ലിങ്കുകള്‍, ആക്‌സസ് തടഞ്ഞ പോസ്റ്റുകള്‍ എന്നിവയും ഈ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചട്ടം. അടുത്ത റിപോര്‍ട്ട് ജൂലൈ 15ന് പ്രസിദ്ധപ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. ഫെയ്ബുക്കിന്റെ തന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് സംബന്ധിച്ച വിവരങ്ങളും ഈ റിപോര്‍ട്ടിലുണ്ടാകും.