സിംഗപ്പൂര്‍ സിറ്റി- ഹോട്ടലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ, അര്‍ധരാത്രി മുറിയില്‍നിന്ന് പുറത്തിറങ്ങിയ സംഭവത്തില്‍ ഇന്ത്യക്കാരായ സ്ത്രീക്കും പുരുഷനുമെതിരെ സിംഗപ്പൂരില്‍ കുറ്റപത്രം.
സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരായ ഇരുവരും വിമാനത്തില്‍ വെച്ചാണ് പരിചയപ്പെട്ടത്. ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയവെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോവിഡ് വ്യാപിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സുരേഷ് നായിഡു ബോജാങ്കി (37), ഭാരതി തുള്‍സിറാം ചൗധരി (47) എന്നിവര്‍ക്കെതിരായ കുറ്റം.
ഒയേഷ്യ ഹോട്ടലില്‍ താമസിച്ച ഇരുവരും അര്‍ധരാത്രിക്കു ശേഷമാണ് കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. താമസ സ്ഥലത്തിനു പുറത്ത് മാസ്‌ക് ധരിച്ചില്ലെന്ന മറ്റൊരു കുറ്റം കൂടി ബോജാങ്കി നേരിടുന്നുണ്ട്.
മാര്‍ച്ച് 20 ന് അര്‍ധരാത്രി 12.30 മുതല്‍ 1.21 വരെ ബോജാങ്കി ഹോട്ടലില്‍ അതേ നിലയിലുള്ള ഭാരതിയുടെ മുറിയില്‍ ചെലഴിച്ചു. മുറിയിലേക്ക് പ്രവേശനം നല്‍കിയതിനാല്‍ ഭാരതിയും ചട്ടങ്ങള്‍ ലംഘിക്കാന്‍ ഗഢാലോചന നടത്തി.
ആറു മാസം വരെ ജയിലും പതിനായിരം സിംഗപ്പൂര്‍ ഡോളര്‍ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. ഓഗസ്റ്റ് 17-ന് കോടതി കേസ് വീണ്ടും പരിഗണിക്കും.