ന്യൂദല്‍ഹി- ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. കോവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ, വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഇതു സംബന്ധിച്ച ചട്ടങ്ങളും നടപടിക്രമങ്ങളും സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. ഗര്‍ഭിണികളേയും ഗര്‍ഭസ്ഥ ശിശുക്കളേയും കോവിഡ് ബാധിച്ചേക്കുമെന്ന ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് നയംമാറ്റം. നിലവിൽ മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ അനുമതി ഉണ്ടെങ്കിലും ഗര്‍ഭിണികളെ വിലക്കിയിരുന്നു. വാക്‌സിന്‍ പരീക്ഷണ ഫലങ്ങളില്‍ നിന്നും സുരക്ഷ, കാര്യക്ഷമത സംബന്ധിച്ച മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലായിരുന്നു ഇതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതാണ് കാരണം.
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തും വിദഗ്ധ സമിതികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചും ഗര്‍ഭിണികളെ വാക്‌സിനേഷന്‍ പദ്ധതിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ല. കാരണം രോഗം പിടിപെടാനുള്ള സാധ്യത വളരെ ഏറെയാണ്. അപകടസാധ്യതകളെ മറികടക്കുന്നതാണ് വാക്‌സിന്റെ ഗുണങ്ങള്‍ എന്നാണ് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ വിലയിരുത്തല്‍. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുമ്പ് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ഉണ്ടാകാവുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളും വാക്‌സിന്‍ സുരക്ഷയും പരീക്ഷണങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.