ന്യൂദല്‍ഹി- മൂന്ന് ദിവസമായി ദല്‍ഹിയില്‍ തങ്ങുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ രാജിവച്ചു. രാജി അഭ്യൂഹങ്ങൾക്കിടെ അദ്ദേഹം ഗവര്‍ണറെ കാണാന്‍ സമയം തേടിയിരുന്നു. ബിജെപി ശനിയാഴ്ച സംസ്ഥാന നിയമസഭാ പാര്‍ട്ടി യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മൂന്ന് മണിക്ക് നടക്കുന്ന യോഗം പുതിയ സഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്തേക്കും.
സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ കലഹത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ മാറ്റി മാര്‍ച്ചിലാണ് തീരത്ത് സിങിനെ മുഖ്യമന്ത്രിയാക്കിയത്. നിലവില്‍ പാര്‍ലമെന്റ് അംഗമായ തിരത്ത് സിങിന് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ഒരു നിയമസഭാ സീറ്റില്‍ മത്സരിച്ച് ജയിച്ച് സെപ്തംബര്‍ 10നകം നിയമസഭാംഗത്വം നേടണം. നിലവിലെ കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാലയളവിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും കുറവാണ്.
തന്റെ മുന്‍ഗാമിയെക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാനും സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ ഉള്‍പ്പോര് ഇല്ലാതാക്കാനും മുഖ്യമന്ത്രി തിരത്ത് സിങിന് കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ മുന്‍ മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാക്കളായ സത്യപാല്‍ മഹാരാജ്, ധന്‍ സിങ് റാവത്ത് എന്നിവര്‍ തിരത്ത് സിങിനെതിരേയും പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതായും റിപോര്‍ട്ടുണ്ട്. മുഖ്യമന്ത്രി പദവിയില്‍ നാലു മാസം പിന്നിടുന്ന തിരത്ത് സിങ് കുറഞ്ഞ കാലയളവില്‍ തന്നെ പല വിവാദങ്ങള്‍ക്കും കാരണമായിരുന്നു.