ന്യൂദല്‍ഹി- അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം നേരിടുന്ന ബിജെപി നേതാവ് സുവേന്ദു അധികാരി സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയ തുഷാര്‍ മേത്തയെ സന്ദര്‍ശിച്ചത് അനുചിതമാണെന്നും സോളിസിറ്റര്‍ ജനറലിനെ പദവിയില്‍ നിന്ന് മാറ്റണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. സിബിഐ കേസുകളില്‍ കോടതിയില്‍ ഹാജരാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന നിയമ ഉദ്യോഗസ്ഥനാണ് തുഷാര്‍ മേത്ത. ഈ സന്ദര്‍ശനം അനുചിതമാണെന്നും ഭിന്നതാല്‍പര്യങ്ങള്‍ തമ്മിലുള്ള പോരിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ് പ്രധാനമന്ത്രിക്ക് കത്തു നല്‍കിയത്. തുഷാര്‍ മേത്തയെ ഉടന്‍ സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. സിബിഐ അന്വേഷിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുവേന്ദു. ഈ സിബിഐക്കു വേണ്ടിയാണ് തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാകാറുള്ളത്. ഇത്തരമൊരു വ്യക്തിയെ മേത്ത കാണുന്നതിലൂടെ പദവിയുടെ വിശ്വാസ്യത സംബന്ധിച്ച ഗൗരവമേറിയ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു-കത്തില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടി. നാരദ കേസിലും ശാരത ചിട്ടി ഫണ്ട് കേസിലും കുറ്റാരോപിതനും സിബിഐ അന്വേഷണം നേരിടുന്നുമുണ്ട് സുവേന്ദു. ശാരദ കേസില്‍ സിബിഐക്കു വേണ്ടി തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായിരന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ബംഗാള്‍ പ്രതിപക്ഷ നേതാവായ സുവേന്ദു യാദൃശ്ചികമായി തന്റെ വീട്ടില്‍ വന്നെങ്കിലും കൂടിക്കാഴ്ച നടന്നിട്ടില്ലെന്നാണ് തുഷാര്‍ മേത്ത പറയുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ സുവേന്ദു ഓഫീസ് കൂടിയായി പ്രവര്‍ത്തിക്കുന്ന എന്റെ വീ്ട്ടിലെത്തിയിരുന്നു. ഈ സമയം ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ച് നടത്തുന്ന മറ്റൊരു യോഗത്തിലായിരുന്നു. എന്റ സ്റ്റാഫ് സുവേന്ദുവിനെ വെയ്റ്റിങ് റൂമില്‍ സ്വീകരിച്ചിരുത്തി ചായ നല്‍കി. എന്റെ യോഗം കഴിഞ്ഞ ശേഷം പേഴ്‌സനല്‍ സെക്രട്ടറിയാണ് സുവേന്ദു വന്ന വിവരം അറിയിച്ചത്. എന്നാല്‍ കാണാന്‍ കഴിയില്ലെന്നും കാത്തിരിക്കാന്‍ പറഞ്ഞതില്‍ ക്ഷമ അറിയിക്കണമെന്നും സുവേന്ദുവിനെ അറിയിക്കാന്‍ സ്റ്റാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ ഇരുവരും കൂടിക്കാഴ്ച നടന്നിട്ടില്ല- തുഷാര്‍ മേത്ത പറഞ്ഞു.