ന്യൂദല്‍ഹി- രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കും. പ്രകടന തൃപ്തികരമല്ലാത്ത മന്ത്രിമാരെ ഒഴിവാക്കിയേക്കും. 25 പുതിയ മന്ത്രിമാര്‍ക്ക് അവസരം ലഭിച്ചേക്കും. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപിക്കാരനുമായ ജ്യോദിരാദിത്യ സിന്ധ്യ, മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവരും പുതിയ കേന്ദ്ര മന്ത്രിമാരാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്തിയ പരിഗണന ലഭിച്ചേക്കും. നിലവിലെ കേന്ദ്ര മന്ത്രിസഭയില്‍ 51 അംഗങ്ങളാണ് ഉള്ളത്. ഇവരുടെ പ്രകടനം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നിരവധി ഘട്ട ചര്‍ച്ചകളും വിലയിരുത്തലുകളും നടന്നിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തന്നെ മന്ത്രിസഭാ നവീകരണം പൂര്‍ത്തിയാക്കുമെന്നാണ് സൂചന.