മിലാന്‍/ ന്യൂദല്‍ഹി- അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പേരെ ഇറ്റാലിയന്‍ കോടതി വെറുതെ വിട്ടു. ജ്യൂസെപ്പ ഓര്‍സി, ബ്രൂണോ സ്പഞ്ഞോളിനി എന്നിവരെയാണ് മിലാനിലെ അപ്പീല്‍ കോടതി വെറുതെവിട്ടത്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ആവശ്യമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫിന്‍മെക്കാനിക്ക കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവായിരുന്നു ഓര്‍സി. കേസില്‍ അറസ്റ്റിലായ ഓര്‍സിയെ നാലര വര്‍ഷത്തെ തടവിനു വിധിച്ചിരുന്നു. ഫിന്‍മെക്കാനിക്കയുടെ ഹെലിക്കോപ്റ്റര്‍ യൂണിറ്റായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ തലവനായിരുന്നു സ്പഞ്ഞോളിനി. ഇയാള്‍ക്കും കോടതി നാലര വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.
എന്നാല്‍ കോടതി ഉത്തരവ് കേസിനെ ബാധിക്കില്ലെന്നാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐയുടെ നിലപാട്.
കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗി അടക്കമുള്ള പ്രമുഖര്‍ അറസ്റ്റിലായിരുന്നു. 3600 കോടി രൂപയുടെ ഇടപാടില്‍ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവില്‍ 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 2010 ല്‍ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കരാര്‍. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ 2014ല്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയുടെ മാതൃസ്ഥാപനം ഇറ്റലിയിലുള്ള ഫിന്‍മെക്കാനിക്കയാണ്.