Sorry, you need to enable JavaScript to visit this website.

അതു കിംവദന്തി; സൗദിയില്‍ വിദേശികള്‍ക്ക്  ആദായ നികുതിയില്ല

റിയാദ്- സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. മാസത്തില്‍ മൂവായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അടിസ്ഥാന വേതനത്തിന്റെ പത്തു ശതമാനത്തിന് തുല്യമായ തുക ആദായ നികുതി നിര്‍ബന്ധമാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 
സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക തുടര്‍ച്ചയായി പരിഷ്‌കരിക്കുന്നുണ്ട്. വിദേശങ്ങളില്‍നിന്നുള്ള റിക്രൂട്ട്‌മെന്റും 60 പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും നിര്‍ത്തിവെക്കുമെന്ന പ്രചാരണവും ശരിയല്ല. നിതാഖാത്ത് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തിയത് അനുസരിച്ച് 19 തൊഴിലുകള്‍ മാത്രമാണ് സൗദിവല്‍ക്കരിച്ചിരിക്കുന്നത്. ഈ തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ട്. ഈ പ്രൊഫഷനുകളില്‍ നിയമിക്കുന്നതിന് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് താല്‍ക്കാലിക, സ്ഥിരം, സീസണ്‍ വിസകള്‍ അനുവദിക്കില്ല. 
മൂവായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കുന്നതിന് മുന്നോടിയായി ധനമന്ത്രാലയവുമായും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുമായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഏകോപനം ആരംഭിച്ചതായും കിംവദന്തികള്‍ പരന്നു. 
ആഗോള വിപണിയില്‍ എണ്ണ വില ഇടിഞ്ഞ പശ്ചാത്തലത്തില്‍ പെട്രോള്‍ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് ജനുവരി ഒന്നു മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുകയും വൈദ്യുതി, ഇന്ധന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള ലെവിയും ഉയര്‍ത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കുന്നതിനു നീക്കമുണ്ടെന്ന പ്രചാരണം ഉണ്ടായത്.

 

Latest News